ആലപ്പുഴ: മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍എസ്എസാണെന്ന കുപ്രചാരണവുമായി സിപിഐ. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആലപ്പുഴ ബീച്ചിലെ പ്രദര്‍ശന നഗരയിലാണ് ഗാന്ധിജിയുടെ മൃതദേഹത്തിന്റെ ഫോട്ടോ സഹിതം അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നത്.വിവിധ കോടതികളും അന്വേഷണ കമ്മീഷനുകളും തള്ളിക്കളഞ്ഞ പ്രചാരണമാണ് സിപിഐ ആവര്‍ത്തിക്കുന്നത്.
ആര്‍എസ്എസിനെതിരെ ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തിയ നേതാക്കള്‍ കോടതിയില്‍ മാപ്പുപറഞ്ഞ് തടിയൂരുകയായിരുന്നു. പലരും മാനനഷ്ട കേസ് നേരിടുകയുമാണ്. ഇടതുപക്ഷത്തിന്റെ പിന്തുണയില്‍ എംപിയായ നിര്‍മല്‍ചന്ദ്ര ചാറ്റര്‍ജി നയിച്ച ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകനായ നാഥുറാം വിനായക ഗോഡ്സേയാണ് മഹാത്മാഗാന്ധിയെ വധിച്ചത്. അടുത്തിടെ നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിലടക്കം ഇടതുമുന്നണിയെയാണ് ഹിന്ദു മഹാസഭ പിന്തുണച്ചത്. ഇതെല്ലാം മറച്ചുപിടിച്ചാണ് സിപിഐ നട്ടാല്‍കുരുക്കാത്ത നുണ വീണ്ടും പ്രചരിപ്പിക്കുന്നത്. പ്രദര്‍ശന നഗരയില്‍ കൂടുതലും ഇത്തരത്തില്‍ കുപ്രചരണങ്ങളും, തെറ്റായ അവകാശവാദങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്നാണ് ആക്ഷപം.











