ന്യൂദല്‍ഹി: ഹസ്രത്ത് ബാല്‍ ദര്‍ഗയില്‍ സ്ഥാപിച്ച ശിലാഫലകത്തില്‍ ഭാരതത്തിന്റെ ദേശീയ ചിഹ്നം ഉള്‍പ്പെടുത്തിയതിനെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നടത്തിയ പരാമര്‍ശം അവഹേളിക്കുന്നതാണെന്ന് ബിജെപി. ദേശീയ ചിഹ്നത്തോടുള്ള അനാദരവാണ് ഇതില്‍ പ്രകടമാകുന്നതെന്നും ബിജെപി ദേശീയ വക്താവ് സുദാംശു ത്രിവേദി വിമര്‍ശിച്ചു.
കോണ്‍ഗ്രസും ഒമര്‍ അബ്ദുള്ള അടങ്ങുന്ന ഇന്‍ഡി സഖ്യം ദേശീയ ചിഹ്നത്തേയും ഭരണഘടനയേയും അപമാനിക്കുകയാണ്. ദേശീയ ചിഹ്നമായ അശോക സ്തംഭം ഭാരതത്തിന്റെ പ്രതീകമായി സ്വീകരിച്ചിട്ടുള്ളതാണ്. അതിനോട് അനാദരവ് കാണിക്കുന്നത് ഭരണഘടനയേയും അപമാനിക്കുന്നതിന് തുല്യമാണ്.
ഇന്‍ഡി സഖ്യത്തിലുള്‍പ്പെട്ട ഒരു നേതാവ് ദേശീയ ചിഹ്നത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല, വിഷയത്തില്‍ അവരുടെ മനോഭാവം ഇതിലൂടെ വ്യക്തമാകുന്നുണ്ട്. രാജ്യത്തെ വിഭജിക്കുന്ന ദുഷിച്ച ചിന്തയാണ് കോണ്‍ഗ്രസിനുള്ളത്, ത്രിവേദി കൂട്ടിച്ചേര്‍ത്തു.
ഹസ്രത്ത് ബാല്‍ ദര്‍ഗയിലെ ശിലാഫലകത്തില്‍ സ്ഥാപിച്ച അശോകസ്തംഭം കഴിഞ്ഞ ദിവസം ഇസ്ലാമിസ്റ്റുകള്‍ പറിച്ചെറിയുകയും ഇത് സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തിരുന്നു. പിന്നാലെ ദര്‍ഗയിലെ ശിലാഫലകത്തില്‍ അശോകസ്തംഭം ഉള്‍പ്പടുത്തിനെ ഒമര്‍ അബ്ദുള്ളയും ചോദ്യം ചെയ്യുകയായിരുന്നു. എന്തിനാണ് അശോകസ്തംഭം ഉള്‍പ്പെടുത്തിയതെന്ന് പറഞ്ഞ് ഇസ്ലാമിസ്റ്റുകളെ ന്യായീകരിക്കുന്ന വിധത്തിലുള്ള പ്രസ്താവനയില്‍ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.
ജമ്മു കശമീര്‍ വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ പൊതു ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് ദര്‍ഗ നവീകരിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ചട്ടപ്രകാരം ഉദ്ഘാടന ഫലകവും സ്ഥാപിച്ചു. ഇതിന്റെ ഒരു കോണില്‍ അശോകസ്തംഭവും മറ്റൊരു കോണില്‍ വഖഫ് ബോര്‍ഡിന്റെ മുദ്രയും പതിപ്പിച്ചിരുന്നു. ഇതിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ പ്രതിഷേധിക്കുകയും അവര്‍ സംഘടിച്ചെത്തി അശോകസ്തംഭം തകര്‍ത്തെറിഞ്ഞു. കല്ലുകൊണ്ട് അശോകസ്തംഭം തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിക്കുന്നുണ്ട്.












