കോട്ടയം : സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് കണിച്ചുകുളങ്ങരയില്‍ എത്തി വെള്ളാപ്പള്ളിയെ ക്ഷണിച്ചു. ആഗോള അയ്യപ്പ സംഗമത്തെ എതിര്‍ക്കുന്നതു ശരിയല്ലെന്നും അത് സര്‍ക്കാരിന്റെ പ്രായശ്ചിത്തമാണെന്നു കരുതുന്നവര്‍ കരുതിക്കോട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കക്ഷി രാഷ്‌ട്രീയം പറഞ്ഞും പിണറായി വിജയനെ പറഞ്ഞും സ്ത്രീപ്രവേശ പ്രശ്നം പറഞ്ഞും സമയം കളയരുത്. അയ്യപ്പ സംഗമത്തിന് ഒപ്പം നില്‍ക്കണം. കേരളത്തിനും ദേവസ്വം ബോര്‍ഡിനും ഒരുപാടു സമ്പത്ത് ലഭിക്കുന്ന പദ്ധതിയാണിത്. കേന്ദ്ര സര്‍ക്കാരിനും നികുതി വരുമാനം ലഭിക്കും. വിദേശ പണം വരെ ലഭിക്കും. ടാക്സി ഓടിച്ചു ജീവിക്കുന്നവര്‍ മുതല്‍ ചന്ദനത്തിരി വില്‍ക്കുന്നവര്‍ വരെയുള്ളവര്‍ക്കു വരുമാന വര്‍ധനയുണ്ടാകുമെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.
















