ഇസ്ലാമാബാദ്: പാകിസ്താനില്‍ വിവിധ ഇടങ്ങളിലായി ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലോചിസ്താനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമായാണ് സ്‌ഫോടനങ്ങളുണ്ടായത്. മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ക്വറ്റയിലെ ഒരു രാഷ്‌ട്രീയ റാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 14 പേരും ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് നടന്ന സ്‌ഫോടനത്തില്‍ ഏഴുപേരും കൊല്ലപ്പെട്ടു.
ബിഎൻപി നേതാവും ബലൂചിസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ സർദാർ അത്തൗല്ല മെംഗലിന്റെ നാലാം ചരമവാർഷികാഘോഷ പരിപാടി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാഹ്വാനി സ്റ്റേഡിയത്തിന് സമീപം സ്ഫോടനം ഉണ്ടായത്.
ബലൂചിസ്ഥാൻ ആരോഗ്യമന്ത്രി ബഖ്‌ത് മുഹമ്മദ് കക്കർ ഇക്കാര്യം സ്ഥിരീകരിച്ചു. “റാലിയിൽ നിന്ന് ആളുകൾ പോകുന്നതിനിടെ ഒരു പാർക്കിങ് ഏരിയയിൽ ബോംബ് പൊട്ടിത്തെറിച്ചതായി ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകൾ പറയുന്നു, സ്ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്, ഇത് ഒരു ചാവേർ ബോംബാക്രമണമാണെന്ന് സംശയിക്കുന്നു”, എന്ന് പോലീസ് ഉദ്യോഗസ്ഥൻ അത്തർ റഷീദ് പറഞ്ഞു.
ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ (മെംഗൽ) ചെയർമാനും മുൻ മുഖ്യമന്ത്രി സർദാർ അത്തൗല്ല മെംഗലിന്റെ മകനുമായ അക്തർ മെംഗലിനെയും അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി പോലീസ് പറഞ്ഞു.
ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ പാകിസ്താനിലെ അര്‍ധസൈനിക വിഭാഗത്തിലുള്‍പ്പെട്ടെ സൈനികരാണ്. സൈനിക വാഹനങ്ങളുടെ കോണ്‍വോയ് കടന്നുപോകുന്നതിനിടെയാണ് ഇതിലേക്ക് വാഹനം ഇടിച്ചുകയറ്റി സ്്ഫോടനം നടത്തിയത്. ബലൂചിസ്താനില്‍ നടന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയില്‍ നടന്ന ചാവേറാക്രമണത്തില്‍ ആറ് പാക് സൈനികരാണ് കൊല്ലപ്പെട്ടത്. പ്രവിശ്യയിലെ ബാനു സിറ്റിയിലുള്ള പാരാമിലിട്ടറി വിഭാഗത്തിന്റെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനവുമായി ഒരാള്‍ ഇവിടേക്ക് ഇരച്ചുകയറി സ്‌ഫോടനം നടത്തുകയായിരുന്നു. ഇതിന് പിന്നാലെ അഞ്ച് ചാവേറുകള്‍ കൂടി ആക്രമണത്താനായെത്തിയെങ്കിലും ഇവരെ പാക് സൈന്യം വധിച്ചു. ഇത്തിഹാദുള്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
















