ന്യൂദല്‍ഹി: വിദേശനാണ്യ ശേഖരം വര്‍ധിപ്പിക്കാനുള്ള പദ്ധതികളില്‍ നിന്നു ഭാരതം യുഎസ് ട്രഷറി ബില്ലുകള്‍ (യുഎസ് കടപ്പത്രങ്ങള്‍) കുറച്ചു തുടങ്ങി. പകരം സ്വര്‍ണത്തിലേക്കാണ് ആര്‍ബിഐ തിരിഞ്ഞിരിക്കുന്നത്.
ഹ്രസ്വകാല, ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി വിദേശനാണ്യ ശേഖരം ഓരോ രാജ്യത്തിനും വേണം. ഇതിനു ഭാരതം, ഏതുസമയത്തും മാറി ഡോളറാക്കാനാകുന്ന യുഎസ് കടപ്പത്രങ്ങളാണ് ശേഖരിച്ചിരുന്നത്. ഇതു കുറച്ചുകൊണ്ടുവരാനാണ് ആര്‍ബിഐ ശ്രമം. പകരം സ്വര്‍ണ ശേഖരമാണുണ്ടാക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഡോളറിനും അപ്പുറമുള്ള വൈവിധ്യവത്കരണത്തിലേക്കാണ് ഭാരതം തിരിയുന്നത്.
വിദേശനാണ്യ ശേഖരത്തില്‍ 2024 ജൂണ്‍ 28നുണ്ടായിരുന്നത് 840.76 മെട്രിക് ടണ്‍ സ്വര്‍ണമായിരുന്നു. ഇപ്പോള്‍ 879.98 മെട്രിക് ടണ്ണായി. യുഎസ് ട്രഷറി ബില്ലില്‍ നിക്ഷേപിക്കുന്നതു കുത്തനെ കുറഞ്ഞതായി ഇക്കണോമിക്‌സ് ടൈംസും റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് ട്രഷറി ബില്ലില്‍ 20 രാജ്യങ്ങളാണ് പ്രധാന നിക്ഷേപകര്‍. പട്ടികയില്‍ സൗദി അറേബ്യക്കും ജര്‍മനിക്കും മുകളിലാണു ഭാരതം. കഴിഞ്ഞ ജൂണില്‍ 242 ബില്യന്‍ ഡോളറായിരുന്നു യുഎസ് ട്രഷറി ബില്ലില്‍ ഭാരതത്തിനുള്ള നിക്ഷേപം. അത് ഈ ജൂണായപ്പോഴേക്കും 227 ബില്യണായി കുറഞ്ഞു. ആഗോളതലത്തില്‍ത്തന്നെ യുഎസ് ട്രഷറി നിക്ഷേപത്തിലുള്ള ആകര്‍ഷണം കുറയുകയാണ്. ഓരോ രാജ്യവും വിദേശ നിക്ഷേപത്തില്‍ വൈവിധ്യവത്കരണം വരുത്തുന്നെന്നാണ് സൂചന. തീരുവകളും വാണിജ്യപ്രശ്‌നങ്ങളും ഭൗമ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുമാണ് കാരണം.
ഭാരതത്തിനു പുറമേ ചൈന, ബ്രസീല്‍, സൗദി അറേബ്യ എന്നിവയും യുഎസ് ട്രഷറി ബില്‍ (കടപ്പത്രം) ശേഖരം കുറച്ചു തുടങ്ങി.
















