തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ഇരുട്ടില്‍ തപ്പുന്ന ക്രൈംബ്രാഞ്ചിന് പിടിവള്ളിയായി മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മയുടെ ഫേസ് ബുക്ക് കുറിപ്പ്. രാഹുല്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്ത്രീയെ അറിയാമെന്ന ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ കേസ് അവിടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘം. ആദ്യവെടി പൊട്ടിച്ച റിനി ആന്‍ ജോര്‍ജും ഹണി ഭാസ്‌കരനും മറ്റും തങ്ങള്‍ക്ക് പരാതിയില്ലെന്ന നിലപാടിലേക്കു ചുവടുമാറ്റിയതോടെ പരാതിക്കാരില്ലാത്തതിനാല്‍ കേസ് എവിടെ തുടങ്ങുമെന്ന വിഷമസ്ഥിതിയിലായിരുന്നു ക്രൈംബ്രാഞ്ച്. പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന സ്ത്രീയാവട്ടെ വെളിച്ചത്തു വരാന്‍ കൂട്ടാക്കിയുമില്ല. അവര്‍ ആരാണെന്നു പോലും വ്യക്തതയില്ലാതിരിക്കെയാണ് ലക്ഷ്മി പത്മ ആ സ്ത്രീയെ അറിയുമെന്ന അവകാശവാദവുമായി രംഗത്തുവന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലക്ഷ്മിയെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ആലോചിക്കുന്നത്.
















