അന്തരിച്ച നടൻ അബിയെ പ്രേക്ഷകർ മറന്നിട്ടില്ല. നല്ല കലാകാരനായിരുന്ന അബി എന്തുകൊണ്ട് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടില്ല എന്ന ചോദ്യം പലർക്കുമുണ്ട്. പല വാദങ്ങളും ഇതേക്കുറിച്ച് വന്നു. അബിയെ സിനിമാ രംഗത്ത് പലരും ഒതുക്കിയെന്നായിരുന്നു പലരുടെയും വാദം. എന്നാൽ കഴിഞ്ഞ ദിവസം സംവിധായകൻ ലാൽ ജോസ് അബിയുടെ കരിയറിൽ സംഭവിച്ചതിനെക്കുറിച്ച് തുറന്ന് സംസാരിച്ചു.
‘മിമിക്രി രംഗത്ത് നിന്നും ഒരുപാട് കലാകാരന്മാർ സിനിമയില്‍ വന്ന് പ്രശസ്തമായപ്പോള്‍ അടുത്തത് ഇനി ആര് എന്ന ചോദ്യം ഉയരാന്‍ തുടങ്ങി. എല്ലാവർക്കും ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. അത് അബി എന്നായിരുന്നു. സ്വാഭാവികമായ ഒരു പരിണാമത്തില്‍ താനും സിനിമയില്‍ എത്തുമെന്നും നായകനാകുമെന്നൊക്കെ അബിയും വിചാരിച്ചിരുന്നു. അദ്ദേഹത്തിന് അന്ന് മിമിക്രി രംഗത്ത് സ്വന്തം ഗ്രൂപ്പൊക്കെ ഉണ്ടായിരുന്നു’ – ലാല്‍ ജോസ് സ്വന്തം യൂട്യൂബ് ചാനലിലൂടെ പറയുന്നു.
മിമിക്സ് ഡ്രാമ എന്ന പോരില്‍ ഞാനും ദിലീപും സംവിധാനം ചെയ്യുന്ന വീഡിയോ കാസറ്റിന്റെ ഷൂട്ടിങ് ആകെ രണ്ട് ദിവസമാണ് നിശ്ചയിച്ചിരുന്നത്. ആ സമയത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ ഷൂട്ട് ചെയ്യാനുണ്ട്. അതുകൊണ്ട് തന്നെ അബി അടക്കമുള്ള എല്ലാവരോടും ഡേറ്റ് നേരത്തെ തന്നെ വാങ്ങിയിരുന്നു. എന്നാല്‍ ഷൂട്ടിന്റെ തലേദിവസം അബി ഇവരോട് ആരോടും പറയാതെ വേറെ പരിപാടിക്ക് പോയി. അന്ന് രാത്രി ഇവരെ വിളിച്ച് നാളെ രാത്രിയെ എത്തു.. മറ്റന്നാള്‍ ഷൂട്ടിങ് തുടങ്ങിയാല്‍ മതിയെന്നും പറഞ്ഞു.
മദ്രാസില്‍ നിന്നുള്ള ക്യാമറകളും മറ്റ് സാധനങ്ങളുമൊക്കെ വന്നിരിക്കുകയാണ്. സിനിമ ബാറ്റയാണ് അവർക്ക് നല്‍കുന്നത്. ഒരു ദിവസം അവരെ ഇവിടെ വെറുതെ ഇരുത്തിയാല്‍ വലിയ പൈസയാകും. നിർമ്മാതാവ് സൈമണ്‍ കരച്ചില്‍ തുടങ്ങി. അങ്ങനെ അബി ഇല്ലാതെ പിറ്റേന്ന് തന്നെ ഷൂട്ടിങ് തുടങ്ങി
പിന്നീടാണ് ജോഷി സാറിന്റെ സൈന്യം എന്ന ചിത്രത്തില്‍ ദിലീപിനും അബിക്കും വേഷം കിട്ടുന്നത്. അബി ആളുകളുമായി അത്ര പെട്ടെന്ന് മിംഗിള്‍ ആകുന്ന വ്യക്തി ആയിരുന്നില്ല. അവന്റെ പൊസിഷന്‍ കീപ്പ് ചെയ്തേ നില്‍ക്കൂ. കാരണം മിമിക്രി രംഗത്ത് അയാള്‍ രാജാവാണ്. ദിലീപ് ആണെങ്കില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത്, സംഹസംവിധായകർ എന്നിവരോടൊക്കെ പെട്ടെന്ന് തന്നെ കമ്പനിയായി.
അബി പ്രതീക്ഷിച്ചിരുന്ന ഒരു പൊസിഷനിലേക്ക് ദിലീപാണ് എത്തിയത്. അബിയും പിന്നീട് കുറേ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചെങ്കിലും ദിലീപിന് ഉണ്ടായ ഒരു വളർച്ച ഉണ്ടായില്ലരസികന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി ഫാനായും മോഹന്‍ലാല്‍ ഫാനായും രണ്ട് കഥാപാത്രങ്ങളുണ്ട്. ദിലീപ് മോഹന്‍ലാല്‍ ഫാന്‍ ആണ്. മമ്മൂക്കയുടെ ഫാനായി അബിയെ വിളിക്കാമെന്ന് ദിലീപ് പറഞ്ഞു. അദ്ദേഹത്തോടൊപ്പം മുഴുവന്‍ സമയവും ഉള്ള ഒരു വേഷമാണ്. സന്തോഷത്തോടെ തന്നെ അബിയെ വിളിച്ചു. അവന്‍ വരികയും ചെയ്തു. പക്ഷെ അബിക്ക് ഒരു മാറ്റവും വന്നിട്ടില്ലായിരുന്നു.
മിമിക്സ് ഡ്രാമ വിഷയം ഉള്ളതുകൊണ്ട് തന്നെ എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു. പറഞ്ഞ ഡേറ്റിന് വേറെ വല്ല പരിപാടിക്കും പോകുമോയെന്ന ആശങ്ക. അതുകൊണ്ട് തന്നെ ചെറിയ വേഷത്തില്‍ സുരാജ് വെഞ്ഞാറമൂടിനെ കാസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ റിലീസായ ആദ്യ ചിത്രമായിരുന്നു രസികന്‍. അബി എന്തെങ്കിലും കാരണവശാല്‍ പകരം അഭിനയിപ്പിക്കാം എന്ന രീതിയിലാണ് അദ്ദേഹത്തെ ഇട്ടത്.
രണ്ട് ഫാന്‍സുകാരും തമ്മിലുള്ള ഒരു പാട്ട് ഉണ്ട്. അത് ചിത്രീകരിക്കാന്‍ എല്ലാം സെറ്റായി. മദ്രാസില്‍ നിന്നൊക്കെ ആളുകള്‍ വന്നു. പക്ഷെ അന്ന് തലേന്ന് അബി വേറെ എവിടെയോ പരിപാടിക്കായി പോയി. ഷൂട്ട് ചെയ്യാതിരിക്കാന്‍ വയ്യാതായി. അങ്ങനെ അബി ചെയ്യേണ്ട പലയിടത്തും ആ പാട്ടില്‍ സുരാജാണ് അഭിനയിച്ചത്. പാട്ടിന്റെ ആദ്യവും അവസാനവുമാണ് അബിയുള്ളത്. അദ്ദേഹം ആഗ്രഹിച്ച രീതിയില്‍ എത്താതിനുള്ള ഒരു കാരണം ഈ തരത്തില്‍ കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുന്നതിലെ പ്രശ്നമായിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു.
















