ഭാരതത്തിന്റെ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഹുങ്ക് വിജയിക്കാന്‍ പോകുന്നില്ലെന്ന് തുടക്കത്തില്‍ത്തന്നെ വ്യക്തമായിരിക്കുകയാണ്. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഭാരതം അസംസ്കൃത എണ്ണ വാങ്ങുന്നു എന്നു പറഞ്ഞാണ് റൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം അധിക തീരുവ ഏര്‍പ്പെടുത്തിയത്. എന്നാല്‍ റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്ന ചൈനയെപ്പോലുള്ള രാജ്യങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്തത് എന്തുകൊണ്ടാണെന്ന വിമര്‍ശനത്തിന് അമേരിക്കന്‍ ഭരണകൂടത്തിലെ ആരും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അടുത്തിടെ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അസംസ്കൃത എണ്ണ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നതിനായി ട്രംപ് ചര്‍ച്ച നടത്തിയതായാണ് വാര്‍ത്തകള്‍ വന്നത്. അമേരിക്കയുടെ കാപട്യവും നഗ്നമായ ഇരട്ടത്താപ്പും ഭാരതവിരോധവും ഇതില്‍നിന്ന് വ്യക്തമാണല്ലോ.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഭാരത ഉത്പന്നങ്ങള്‍ക്ക് എതിരെ ട്രംപിന്റെ ഭരണകൂടം ഏര്‍പ്പെടുത്തിയ അധിക തീരുവ നിലവില്‍ വന്നത്. ഇതോടെ ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാവുമെന്നാണ് ട്രംപ് കരുതിയത്. ഭാരതത്തിന്റേത് ചത്ത സമ്പദ് വ്യവസ്ഥയാണെന്ന് നേരത്തെ, വിവേക ശൂന്യനായ ഈ ഭരണാധികാരി പ്രഖ്യാപിച്ചിരുന്നല്ലോ. എന്നാല്‍ ഇത്തരം ഭീഷണികളും പ്രതികാര നടപടികളുമൊന്നും വിലപ്പോവില്ലെന്ന് വ്യക്തമാക്കുന്നതാണ് 2028 ല്‍ ഭാരതം ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന റിപ്പോര്‍ട്ട്. പ്രമുഖ അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സി ഏര്‍ണസ്റ്റ് ആന്‍ഡ് യങ്ങിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2030 ല്‍ ഭാരതം രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി മാറുകയും ചെയ്യും. ശക്തമായ സാമ്പത്തികാടിത്തറയും അനുകൂലമായ ജനസംഖ്യയും സാമ്പത്തിക രംഗത്തെ ഘടനാപരമായ പരിഷ്കാരങ്ങളുമാണ് ഭാരതത്തെ ഇതിന് സഹായിക്കുകയെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. അധിക തീരുവ എന്ന പ്രതികാര നടപടിയിലൂടെ അമേരിക്കന്‍ ഭരണകൂടം എന്താണോ ആഗ്രഹിക്കുന്നത് അതിന് കടകവിരുദ്ധമായാണ് ഭാരതം മുന്നേറുന്നതെന്ന് ഇത് തെളിയിക്കുന്നു.
അധികതീരുവയുടെ ഫലമായി അമേരിക്കന്‍ വിപണിയില്‍ ഭാരത ഉത്പന്നങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള തിരിച്ചടിയെ മറികടക്കാന്‍ 40 രാജ്യങ്ങളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണ്. ഇതിന്റെ ഫലമായി വലിയ നേട്ടം ഉണ്ടാക്കാന്‍ ഭാരതത്തിന് കഴിയും. ഇഷ്ടമില്ലെങ്കില്‍ ഭാരതത്തിന്റെ ഉത്പന്നങ്ങള്‍ അമേരിക്ക വാങ്ങേണ്ടതില്ലെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവന ഭാരതത്തിന്റെ ആത്മവിശ്വാസത്തിന് തെളിവാണ്. ഭീകരതയ്ക്കെതിരെ പാകിസ്ഥാനുമായുള്ള പോരാട്ടത്തില്‍ രാജ്യത്തിന്റെ സുരക്ഷയും, കര്‍ഷകരുടെ താത്പര്യവും ആര്‍ക്കുമുന്നിലും അടിയറവയ്ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രി ജയശങ്കര്‍ അമേരിക്കയുടെ മുഖത്തുനോക്കി കാര്യം പറഞ്ഞിരിക്കുന്നത്. ജയശങ്കറിന്റെ ഈ പ്രസ്താവനയോടെ അമേരിക്കയ്ക്ക് അബദ്ധം മനസ്സിലായിട്ടുണ്ടാവും.
അധികാരമുള്ളതുകൊണ്ടു മാത്രമാണ് പ്രസിഡന്റ് ട്രംപിന്റെ ആലോചനയില്ലാതെയുള്ള നടപടികളെ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗമായവര്‍ പോലും അനുകൂലിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. ഇതിനിടയിലും ഭാരതത്തോടുള്ള ശത്രുതാപരമായ സമീപനം ഉപേക്ഷിക്കണമെന്നും, അല്ലാത്തപക്ഷം നഷ്ടം അമേരിക്കയ്ക്ക് തന്നെയാവുമെന്നും അമേരിക്കന്‍ സാമ്പത്തിക വിദഗ്ധരും മറ്റും ട്രംപിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഭാരതത്തിന്റെ ഉത്പന്നങ്ങള്‍ വേണമെങ്കില്‍ വാങ്ങിയാല്‍ മതിയെന്ന ജയശങ്കറിന്റെ പ്രസ്താവന അമേരിക്കന്‍ വാര്‍ത്താ ചാനലുകളില്‍ വലിയ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. ഭാരതത്തിന്റെ ഈ പ്രസ്താവനയില്‍ അമേരിക്ക ഞെട്ടിപ്പോയെന്ന് യുഎസ് ധനമന്ത്രി സ്കോട്ട് ബസന്റ് തന്നെ പറഞ്ഞിരിക്കുകയാണല്ലോ. ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും, അമേരിക്ക ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണെന്നും, ആത്യന്തികമായി ഈ രാജ്യങ്ങള്‍ക്ക് ഒരുമിക്കേണ്ടി വരുമെന്നും യുഎസ് ധനമന്ത്രി പറയുന്നതിനര്‍ത്ഥം ഇപ്പോഴത്തെ പ്രതികാര നടപടിയില്‍ നിന്ന് അമേരിക്കയ്ക്ക് പിന്നോട്ട് പോകേണ്ടിവരും എന്നുതന്നെയാണ്. ആ രാജ്യത്തെ ഭരണാധികാരിയുടെ ഹുങ്ക് അറ്റ്ലാന്റിക് സമുദ്രത്തില്‍ എറിയേണ്ടിവരും എന്നര്‍ത്ഥം.
















