പാലക്കാട്: ബിജെപി ന്യൂനപക്ഷ വിരോധികളും ഫാസിസ്റ്റുകളുമാണെന്ന് പറഞ്ഞുപരത്തുമ്പോള്‍ അവരുടെ തന്നെ പിന്തുണയോടെയാണ് മൂന്നാം തവണയും നരേന്ദ്രമോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് പ്രതിപക്ഷം ഓര്‍ക്കണമെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഖുശ്ബു.
ജില്ലാ ഗണേശോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഗണേശവിഗ്രഹനിമജ്ജന മഹാശോഭായാത്ര മുനിസിപ്പല്‍ ബസ് സ്്റ്റാന്‍ഡിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വോട്ടുബാങ്കിനായാണ് ഇവര്‍ ന്യൂനപക്ഷവിരോധം പറഞ്ഞുപരത്തുന്നത്. ഹിന്ദുമതത്തെ മോശമായി പറയുന്നവര്‍ക്ക് ന്യൂനപക്ഷമതങ്ങളെക്കുറിച്ച് ഇത്തരമൊരുവാക്ക് പറയാനുള്ള ധൈര്യമുണ്ടോയെന്നും അവര്‍ ചോദിച്ചു.
എല്ലാ മതങ്ങളും ഒന്നാണ്. ജാതി-മത വേര്‍തിരിവുണ്ടാക്കുന്നത് ചില രാഷ്‌ട്രീയക്കാരാണ്. കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും വെസ്റ്റ് ബംഗാളിലെത്തുമ്പോള്‍ കൈകോര്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഭാരതം ലോകരാഷ്‌ട്രങ്ങളില്‍ മുന്‍നിരയിലെത്തി. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് എവിടെയും ഭാരതീയര്‍ക്ക് അവഗണനയായിരുന്നു.
എന്നാലിപ്പോള്‍ ഭാരതീയര്‍ എന്ന് പറയുമ്പോള്‍ എവിടെയും സ്വീകരണം ലഭിക്കുന്നു.
2047ല്‍ ഭാരതം നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിലെത്തുകയെന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. രാജ്യത്തിന്റെ ബലം എന്നുപറയുന്നത് ജാതിമത ഭേദമെന്യെ എല്ലാവരും ഒന്നാണെന്നുള്ളതാണ്.
തമഴിനാട്ടില്‍ ചിലര്‍ക്ക് ഇരട്ടമുഖമാണ്. നാസ്തികരെന്ന് നടിക്കുന്നവരുടെ വീടുകളിലെ സ്ത്രീകളും കുട്ടികളും ദൈവവിശ്വാസികളും ക്ഷേത്രങ്ങള്‍ കയറിയിറങ്ങി ദര്‍ശനം നടത്തുകയാണെന്നും അവര്‍ പരിഹസിച്ചു.ഒരു പണിയും ചെയ്യാത്ത രാഹുല്‍ ദല്‍ഹിയിലും, തെറ്റായ പ്രവൃത്തികള്‍ ചെയ്യുന്ന മറ്റൊരു രാഹുല്‍ കേരളത്തിലുമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍യുടെ ലീലാവിലാസങ്ങള്‍ കാണുമ്പോള്‍ ഇരുവരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും അവര്‍ പറഞ്ഞു.
ജില്ലാ ഗണേശോത്സവ സമിതി ജില്ലാ അധ്യക്ഷന്‍ ഡി. സുദേവന്‍ അധ്യക്ഷതവഹിച്ചു.കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു മുഖ്യപ്രഭാഷണം നടത്തി.ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ.സുധീര്‍, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, ഫെറ്റോ സംസ്ഥാന അധ്യക്ഷന്‍ എ.ജെ. ശ്രീനി, ഗണേശോത്സവ സമിതി ഭാരവാഹികളായ സി. മുരളീധരന്‍, എം.ശിവഗിരി, എസ്.എം.പി. മണികണ്ഠന്‍, എം.ദണ്ഡപാണി, സി.ഭരതന്‍,മണികണ്ഠന്‍,ശശിധരന്‍,ശിവന്‍ അമ്പാടി, വിഷ്ണു,ഗോകുല്‍, ഗണേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















