ന്യൂയോര്‍ക്ക്: ഭാരതം 2028ല്‍ ലോകത്തെ മൂന്നാം സമ്പദ് വ്യവസ്ഥയും 2038ല്‍ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയുമാകുമെന്ന് പ്രമുഖ അന്താരാഷ്‌ട്ര റേറ്റിങ് ഏജന്‍സി ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ പുതിയ റിപ്പോര്‍ട്ട്. 2030ല്‍ ഭാരതം 20.7 ട്രില്യണ്‍ ഡോളറിന്റെയും 2038ല്‍ 34.2 ട്രില്യണ്‍ ഡോളറിന്റെയും സമ്പദ് വ്യവസ്ഥയാകും.
ശക്തമായ സാമ്പത്തിക അടിത്തറ, അനുകൂലമായ ജനസംഖ്യ, ഇപ്പോഴത്തെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ തുടങ്ങിയവയാണ് ദീര്‍ഘകാല വളര്‍ച്ചയുടെ ചാലകശക്തിയെന്ന് 2025 ആഗസ്ത് ഇവൈ ഇക്കണോമിക്‌സ് വാച്ചില്‍ പറയുന്നു.
ജനസംഖ്യയില്‍ യുവാക്കളാണ് കൂടുതല്‍. ഇവരുടെ ശരാശരി പ്രായം 28.8 മാത്രം. ഭാരതീയരുടെ സമ്പാദ്യശീലം, നിക്ഷേപങ്ങളുടെ നിരക്ക്, കുറഞ്ഞു വരുന്ന സര്‍ക്കാര്‍ കടം (2024ല്‍ 81.3 ശതമാനമായിരുന്നത് 2030ല്‍ 75.8 ശതമാനമാകും), തുടങ്ങിയവ നോക്കിയാല്‍ 13 വര്‍ഷം കൊണ്ട് മറ്റു പ്രധാന സമ്പദ് വ്യവസ്ഥകളെ മറികടന്നു ഭാരതം രണ്ടാമത്തെ സമ്പദ് വ്യവസ്ഥയാകും.
ശക്തമായ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍, ഭാരതം അമേരിക്കയെയും പിന്തള്ളുമെന്ന് ഏണസ്റ്റ് ആന്‍ഡ് യങ്ങ് റിപ്പോര്‍ട്ട്. നിലവില്‍ 4.19 ട്രില്ലണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയായ ഭാരതം ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയാണ്. ഭാരതവും അമേരിക്കയും തുടര്‍ന്നും യഥാക്രമം 6.50, 2.10 ശതമാനം വീതം വളര്‍ച്ച നേടുകയാണെങ്കില്‍ 2038 ആവുന്നതോടെ വാങ്ങല്‍ ശേഷിയുടെ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി) അടിസ്ഥാനത്തില്‍ 2038 ല്‍ ഭാരതം അമേരിക്കയെ പിന്തള്ളുമെന്നും ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ റിപ്പോര്‍ട്ടില്‍ എടുത്ത പറയുന്നു.
നൈപുണ്യ ശേഷിയുള്ള ചെറുപ്പക്കാര്‍, ഭാരതീയരുടെ സമ്പാദ്യശീലം, താരതമ്യേന കുറഞ്ഞ കടം (രാജ്യത്തിന്റെ) എന്നിവ മോശം ആഗോള അന്തരീക്ഷത്തിലും മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കാന്‍ ഭാരതത്തെ സഹായിക്കും. ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ മുഖ്യ നയ ഉപദേഷ്ടാവ് ഡി. കെ ശ്രീവാസ്തവ പറഞ്ഞു. 2030 ല്‍ (വാങ്ങല്‍ ശേഷി കണക്കിലെടുത്താല്‍) ചൈന 42.2 ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകുമെങ്കിലും വര്‍ദ്ധിച്ച കടവും പ്രായമായ ജനതയും വെല്ലുവിളിയാകും. യുഎസ് ശക്തമായി നിലകൊള്ളുമെങ്കിലും കടം 120 ശതമാനമാകും, അവരുടെ സാമ്പത്തിക വളര്‍ച്ച കുറയും. പ്രായമായ ജനതയും ആഗോള വ്യാപാരത്തിലുള്ള ആശ്രിതത്വവുമാകും ജപ്പാന്റെയും ജര്‍മ്മനിയുടെയും പ്രശ്നം. വാങ്ങല്‍ ശേഷി വച്ച് നോക്കിയാല്‍ ഒരു ഡോളറിന് അമേരിക്കക്കാര്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങളും സേവനങ്ങളുമാണ് ഭാരതീയര്‍ വാങ്ങുന്നത്.
ജിഎസ്ടി, ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി നിയമം എന്നിവ പോലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളും വര്‍ദ്ധിച്ച ഡിജിറ്റല്‍ ഇടപാടുകളും മറ്റും വ്യവസായങ്ങളുടെ മല്‍സര ക്ഷമത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ 2028ല്‍ ഭാരതം ജര്‍മ്മനിയെ മറികടന്ന് മൂന്നാം സമ്പദ് വ്യവസ്ഥയാകും. അമേരിക്ക ചുമത്തിയ ഇരട്ടച്ചുങ്കം ജിഡിപിയില്‍(സാമ്പത്തിക വളര്‍ച്ച) 0.9 ശതമാനത്തിന്റെ ഇടിവ് ഉണ്ടാക്കാമങ്കെിലും ആഭ്യന്തര ഡിമാന്‍ഡും കയറ്റുമതിയിലെ വൈവിധ്യവല്‍കരണവും വഴി അത് മറികടക്കും, അങ്ങനെയെങ്കില്‍ യുഎസ് താരീഫ്‌സമ്പദ് വ്യവസ്ഥയില്‍ കാര്യമായ പ്രത്യാഘാതം ഉണ്ടാക്കില്ല. വളര്‍ച്ചയില്‍ വരുന്ന കുറവ് 0.1 ശതമാനം മാത്രമായിരിക്കും.
















