ചേര്‍ത്തല: ശ്രീനാരായണ ട്രസ്റ്റിന്റെ 143.79 കോടിയുടെ ബജറ്റിന് അംഗീകാരം. ആശുപത്രികളുടെ ആധൂനീക വത്കരണത്തിനും നവീകരണത്തിനുമായി 43.5 കോടി വകയിരുത്തി. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി 14 കോടിയും കോളജുകള്‍ക്ക് 8.5 കോടിയും വകയിരുത്തി. 72-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ ഡോ. എം.എന്‍.സോമന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
ട്രഷറര്‍ ഡോ. ജയദേവന്‍, ട്രസ്റ്റ് എക്സിക്യുട്ടിവ് അംഗങ്ങളായ ഡോ. എ.വി. ആനന്ദരാജ്, മോഹന്‍ ശങ്കര്‍, എ.സോമരാജന്‍, കെ. പത്മകുമാര്‍, അശോകപ്പണിക്കര്‍, പി.എന്‍. നടരാജന്‍, ബിനീഷ് പ്ലാത്താനത്ത്, പി. സുന്ദരന്‍, ഗോപിനാഥ് പാലക്കാട്, സി.ബി. രാജേന്ദ്രന്‍, അജി എസ്.ആര്‍.എം, സംഗീത വിശ്വനാഥന്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വ.എ. എന്‍. രാജന്‍ ബാബു, ഓഡിറ്റര്‍ അബ്ദുള്‍ റഹീം എന്നിവര്‍ പങ്കെടുത്തു.
സാമൂഹ്യനീതിക്കായി നിലകൊള്ളും;വിമര്‍ശനം കാര്യമാക്കുന്നില്ല
മുസ്ലിം നേതൃത്വം എന്ത് പറഞ്ഞാലും സമൂഹ്യ നീതിക്കായി പറയാനുള്ളത് പറയുമെന്നും വിമര്‍ശനങ്ങളെ ഭയന്ന് ഒളിച്ചോടാനും മുട്ടാളന്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കാനും തയ്യാറല്ലെന്നും സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. വഖഫ് നിയമ ഭേദഗതി വിഷയത്തില്‍ ഭരണഘടനയ്‌ക്കും നീതിന്യായ വ്യവസ്ഥിതിക്കും മേലെ മതത്തെ പ്രതിഷ്ഠിക്കുന്നത് മതേതരത്വത്തിനും ജനാധിപത്യത്തിനും യോജിച്ചതല്ല. ക്ഷേത്രോത്സവങ്ങളില്‍ ആനയെഴുന്നള്ളത്തും കരിമരുന്നും ഒഴിവാക്കി ഇതിനായി നീക്കിവക്കുന്ന തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ഗുണകരമായ കാര്യങ്ങള്‍ക്കും ചെലവഴിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂവിറിക്കുന്ന ലാഘവത്തോടെയാണ് യുവതലമുറ കൊലപാതകങ്ങള്‍ ചെയ്യുന്നത്. റാഗിങ് എന്ന വിപത്തിനെ കാമ്പസില്‍ നിന്ന് വേരോടെ പിഴുതെറിയണം, റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
















