ബെംഗളൂരു : കർണാടകയുടെ മതപരവും സാംസ്കാരികവുമായ ഉത്സവമായ മൈസൂർ ദസറയുടെ ഉദ്ഘാടനം വിവാദമാകുന്നു. അന്താരാഷ്‌ട്ര ബുക്കർ സമ്മാന ജേതാവായ കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിനെ ദസറ പൂജ ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവനയുമാണ് വിവാദമായിരിക്കുന്നത് .
“ചാമുണ്ഠി കുന്നും ചാമുണ്ഡേശ്വരി ദേവിയും ഹിന്ദുക്കളുടേത് മാത്രമല്ല, എല്ലാ സമുദായങ്ങളുടേതുമാണ്. ക്ഷേത്രം ഒരു മതത്തിന്റെയും സ്വത്തല്ല. എല്ലാ മതത്തിലുമുള്ള ആളുകൾക്ക് ഇവിടെ വന്ന് അവരുടെ ഭക്തി പ്രകടിപ്പിക്കാം. ഞാൻ പള്ളികളിലും ഗുരുദ്വാരകളിലും പോകുന്നതുപോലെ, ഒരു ഹിന്ദു ക്ഷേത്രത്തിലും സന്ദർശിക്കുന്നതിൽ നിന്ന് ആരെയും വിലക്കുന്നില്ല. അയോധ്യ രാമക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ അവിടെ പോകാൻ കഴിയൂ എന്ന ഒരു നിയമവുമില്ല.” എന്നാണ് ശിവകുമാറിന്റെ പ്രസ്താവന.
മൈസൂറിലെ ചാമുണ്ഡി കുന്നിന്റെയും ഇവിടെ സ്ഥിതി ചെയ്യുന്ന ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെയും ചരിത്രത്തിന് ആയിരത്തിലധികം വർഷങ്ങൾ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ശക്തിപീഠം എന്ന നിലയിൽ ഈ ക്ഷേത്രത്തിന് പ്രത്യേകതകളും ഏറെയാണ് . ചാമുണ്ഡേശ്വരി ദേവി മഹിഷാസുരനെ വധിച്ചത് ഈ സ്ഥലത്താണെന്ന് വിശ്വസിക്കപ്പെടുന്നു.
മൈസൂറിലെ ദസറ ഉത്സവം ചാമുണ്ഡി ദേവിയുടെ ആരാധനയോടെ ആരംഭിക്കുന്നു. വാഡിയാർ രാജകുടുംബത്തിന്റെ ഭരണകാലം മുതൽ ഈ പാരമ്പര്യം തുടരുന്നു, ഇപ്പോഴും വളരെ ഭക്തിയോടെയാണ് ഇത് നടത്തുന്നത്. ഘോഷയാത്രയിൽ, ദേവിയുടെ വിഗ്രഹത്തിന്റെ എഴുന്നള്ളത്തുമുണ്ട്.
ഹിന്ദുമതം പിന്തുടരാത്ത ഒരാളെ ചാമുണ്ഡേശ്വരി ദേവിയുടെ ആരാധന പോലുള്ള ഒരു മതപരമായ ആചാരത്തിലേക്ക് ക്ഷണിക്കുന്നത് ഉചിതമല്ലെന്ന് ബിജെപിയും ഹിന്ദു സംഘടനകളും പറയുന്നു. ഇത് വിശ്വാസത്തിലും പാരമ്പര്യത്തിലും കൈകടത്തലാണെന്നും ഭക്തർ പറയുന്നു.
ചാമുണ്ഡീ ദേവിയുമായി കളിക്കാനിറങ്ങിയാൽ നിങ്ങൾ രാഷ്‌ട്രീയമായി ചാരമാകും” എന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര കോൺഗ്രസിന് മുന്നറിയിപ്പ് നൽകി .
















