ആലുവ : മുട്ടത്ത് സ്പായിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇരുപത്തിനാല് ഗ്രാം എംഡിഎംഎയും അറുന്നൂറ് ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരായ-കൊല്ലം മുണ്ടക്കൽ കുഴിക്കാനത്ത് വീട്ടിൽ ശ്യാം (32), സുൽത്താൻ ബത്തേരി ചീരാൽ കല്ലും കരവീട്ടിൽ പ്രസാദ് (33) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫും, ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹെലൻ വെൽനസിൽ ആയിരുന്നു പരിശോധന. സ്പായിൽ അലമാരിക്കകത്ത് സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. വിൽപ്പനയ്‌ക്കായി സൂക്ഷിച്ചതാണെന്നാണ് ലഭ്യമാകുന്ന വിവരം. ബുധനാഴ്ച വൈകീട്ടായിരുന്നു പരിശോധന.
ഡാൻസാഫ് ടീമിനെ കൂടാതെ ഡി വൈ എസ് പി മാരായ ജെ. ഉമേഷ് കുമാർ, ടി.ആർ രാജേഷ്, ഇൻസ്പെക്ടർ വി.എം കേഴ്സൻ, സബ് ഇൻസ്പെക്ടർമാരായ ബി.എം ചിത്തുജി, എൽദോ പോൾ എ.എസ്.ഐ വിനിൽ കുമാർ, സി.പി.ഒമാരായ സിറാജുദീൻ, വി.എ അഫ്സൽ, മുഹമ്മദ് ഷാഹിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















