ചേര്‍ത്തല: കിടപ്പുരോഗിയായ 75 വയസ് പ്രായമുള്ള അച്ഛനെ തലയ്‌ക്കടിച്ചും കഴുത്തു ഞെരിച്ചും ക്രൂരമായി ആക്രമിച്ച ഇരട്ടകളായ മക്കള്‍ അറസ്റ്റില്‍. പട്ടണക്കാട് എട്ടാംവാര്‍ഡ് കായിപ്പള്ളിച്ചിറ(ചന്ദ്രനിവാസ്) അഖില്‍ ചന്ദ്രന്‍(30), നിഖില്‍ ചന്ദ്രന്‍(30) എന്നിവരാണ് അറസ്റ്റിലായത്. അമ്മയുടെ സാന്നിധ്യത്തിലായിരുന്നു മർദ്ദനം.
ഞായറാഴ്ച രാത്രി പത്തേമുക്കാലോടെയാണു സംഭവം. അഖില്‍, പിതാവായ ചന്ദ്രശേഖരന്‍നായരുടെ തലയ്‌ക്കടിക്കുകയും കഴുത്തു ഞെരിക്കുകയും പിടിച്ചുലയ്‌ക്കുകയും ചെയ്തു. നിര്‍ദേശങ്ങള്‍ നല്‍കി നിഖില്‍ ആ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി. ഇരുവരും മാതാപിതാക്കൾക്കൊപ്പം ഒരേ വീട്ടിലാണ് താമസം. മർദ്ദനത്തിൽ നിന്ന് പിന്തിരിപ്പിക്കാതെ രംഗം ചിത്രീകരിച്ചതിനാണ് നിഖിൽ ചന്ദ്രനെ രണ്ടാം പ്രതിയാക്കി പട്ടണക്കാട് പൊലീസ് കേസെടുത്തത്. അക്രമത്തിനിടെ ഇരുവരും സന്തോഷം പങ്കു വയ്‌ക്കുകയും ചെയ്യുന്നുണ്ട്.
അക്രമ ദൃശ്യങ്ങൾ മൂത്ത സഹോദരനും സുഹൃത്തുക്കൾക്കും ഇവർ അയച്ചു കൊടുത്തു. ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമത്തിലൂടെ പ്രചരിച്ചതോടെ ഇരുവരും ഒളിവിൽ പോവുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ചേർത്തല ഭാഗത്ത് നിന്ന് ഇരുവരെയും ഉച്ചയോടെ പിടി കൂടി. അക്രമം ചിത്രീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനുമാണ് നിഖിലിനെതിരേ കേസ്. മാതാപിതാക്കളെ സംരക്ഷിക്കേണ്ട മക്കള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതടക്കം അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
അമിതമായി മദ്യപിക്കുന്ന ഇരുവരും മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. അച്ഛനെ മര്‍ദിച്ചതിന് 2023-ലും പോലീസ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരുന്നു. രണ്ടുപേരും സ്വകാര്യ കമ്പനി ജീവനക്കാരാണ്. പ്രതികളെ ചൊവ്വാഴ്ച ചേര്‍ത്തല കോടതിയില്‍ ഹാജരാക്കും.
















