ന്യൂദല്‍ഹി: മുപ്പതു ദിവസം തുടര്‍ച്ചയായി ജയിലിലാകുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏതു മന്ത്രിയെയും നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നടപടി ഇരട്ടത്താപ്പെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബില്ലിനെ എന്തുകൊണ്ട് എതിര്‍ക്കുന്നെന്നു പ്രതിപക്ഷം ജനങ്ങളോട് വിശദീകരിക്കണമെന്നും അമിത് ഷാ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.
മുന്‍കാലങ്ങളില്‍ ഭരണഘടനാ പദവിയില്‍ ഇരുന്ന നിരവധി നേതാക്കള്‍ ജയിലിലായിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം അവര്‍ പദവികള്‍ രാജിവച്ചിരുന്നു. എന്നാലിന്ന് ജയിലില്‍ കിടന്നാലും സ്ഥാനം രാജിവയ്‌ക്കേണ്ടെന്ന സ്ഥിതിയുണ്ട്. ജയിലില്‍ പോയാല്‍ അവിടെ നിന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുകയാണ്. ജയില്‍ മുഖ്യമന്ത്രിയുടെ വസതിയോ പ്രധാനമന്ത്രിയുടെ വസതിയോ ആക്കും. ഡിജിപി, ചീഫ് സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി അല്ലെങ്കില്‍ ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് ജയിലില്‍ നിന്ന് ഉത്തരവുകള്‍ നല്കും. ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിന്റെ ഉള്‍പ്പെടെ ഉദാഹരണം ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞു. ഇത്തരം കീഴ്വഴക്കങ്ങള്‍ ജനാധിപത്യ സംവിധാനങ്ങളുടെ അന്തസ് തകര്‍ക്കുന്നതാണ്. ബില്ലിന്റെ രൂപീകരണ വേളയില്‍ പ്രധാനമന്ത്രിയെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അമിത് ഷാ പറഞ്ഞു.
ധാര്‍മികതയുടെ മാനദണ്ഡങ്ങള്‍ തെരഞ്ഞെടുപ്പുകളിലെ വിജയമോ പരാജയമോ ആയി ബന്ധപ്പെട്ടിട്ടല്ല. അവ സൂര്യനെയും ചന്ദ്രനെയും പോലെ സ്ഥിരമായിരിക്കണം. ലാലുപ്രസാദ് യാദവിനെ സംരക്ഷിക്കാന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ രാഹുല്‍ ഇപ്പോള്‍ ലാലുവുമായി ബീഹാറില്‍ സഖ്യം ചേരുകയാണ്. രാഹുലിന്റെ ധാര്‍മികതയ്‌ക്ക് എന്ത് സംഭവിച്ചെന്ന് അദ്ദേഹം ചോദിച്ചു. മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ നിരാശ രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും സാമാന്യബുദ്ധി നഷ്ടപ്പെടുത്തി. പ്രതിപക്ഷം സഹകരിച്ചില്ലെങ്കിലും ജെപിസി ചര്‍ച്ച ചെയ്ത് ബില്‍ പാസാക്കും. ബില്‍ പാസാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. കോണ്‍ഗ്രസിലും പ്രതിപക്ഷത്തും ധാര്‍മികതയെ പിന്തുണയ്‌ക്കുകയും ധാര്‍മിക അടിത്തറ നിലനിര്‍ത്തുകയും ചെയ്യുന്ന ധാരാളം ആളുകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ബന്ധത്തിന് എന്താണ് തെറ്റെന്നും അടല്‍ ബിഹാരി വാജ്പേയിക്കും അദ്വാനിക്കും നരേന്ദ്ര മോദിക്കും തനിക്കും ആര്‍എസ്എസ് ബന്ധമുണ്ടെന്നും ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയുടെ ആര്‍എസ്എസ് ബന്ധം സംബന്ധിച്ച ചോദ്യത്തിന് അമിത് ഷാ മറുപടി നല്കി.
















