ബെംഗളൂരു: ധര്‍മ്മസ്ഥല കേസില്‍ എന്‍ഐഎ അന്വേഷണം വന്നാല്‍ കള്ളി പൊളിയും എന്നറിയാവുന്ന കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് അത് സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു. ഒരിയ്‌ക്കലും എന്‍ഐഎ അന്വേഷണം അനുവദിക്കില്ലെന്ന കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ പ്രസ്താവന ചൊവ്വാഴ്ച വന്നപ്പോള്‍ അതില്‍ ദക്ഷിണകന്നഡയിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഞെട്ടലുണ്ടായില്ല. കാരണം കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് അനുവദിക്കില്ലെന്ന് ഉറപ്പായിരുന്നു.
കാരണം കോണ്‍ഗ്രസ് എംപിയായ ശശികാന്ത് സെന്തിലിന്റെ ഇടപെടല്‍ വരെ ആരോപിക്കപ്പെടുന്ന, മാവോയിസ്റ്റ് മീഡിയകളുടെ കര്‍ണ്ണാടകയിലെ പിടിമുറുക്കല്‍ ആരോപിക്കപ്പെടുന്ന കേസാണിത്. ദക്ഷിണകന്നട ജില്ലയില്‍ ജനസംഖ്യാഘടനയില്‍ മാറ്റം വരുത്താനുള്ള ഗൂഢോലോചന ആരോപിക്കപ്പെടുന്ന കേസാണിത്. അതിനാല്‍ എന്‍ഐഎ അന്വേഷണം വന്നാല്‍ ഒരു ഹിന്ദു ആരാധനലായത്തിന് നേരെ നടന്ന ഗൂഢാലോചന മുഴുവന്‍ പൊളിയുമെന്ന് ഉറപ്പാണ്.
പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ് ഐ ടി) അന്വേഷണം മതിയെന്നായിരുന്നു ചൊവ്വാഴ്ച ജി. പരമേശ്വര പ്രഖ്യാപിച്ചത്. “എങ്ങിനെ കേസ് അന്വേഷിക്കണമെന്ന് എസ് ഐ ടിയോട് പറയേണ്ട കാര്യമില്ല. ആവശ്യമായ അന്വേഷണം പൊലീസ് നടത്തും. ഇത്ര സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് പറയാനാവില്ല. “- ജി. പരമേശ്വര പറഞ്ഞു.
കുറ്റവാളികള്‍ ഇരുട്ടത്ത് മറഞ്ഞിരിക്കുന്നു
എങ്ങിനെയാണ് കള്ളുകുടിയനായ ശുചീകരണത്തൊഴിലാളിയെ വിശ്വസിച്ച് അരക്കോടി ചെലവഴിച്ച് 17 ഇടങ്ങളില്‍ കുഴിക്കാന്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരുങ്ങിയത്? ഒരു മദ്യപാനിയായ സൈക്കോ താന്‍ നൂറുകണക്കിന് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് പറഞ്ഞയുടന്‍ സംസ്ഥാനത്തെ ഡിജിപി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറായതെന്തുകൊണ്ട്?
നുണക്കഥകള്‍ പ്രചരിപ്പിച്ച ദി ന്യൂസ് മിനിറ്റ്, കേരളത്തിലെ മാധ്യമങ്ങള്‍ ഇവയ്‌ക്കെതിരെ നടപടിയില്ലേ? കേസില്‍ യഥാര്‍ത്ഥപ്രതികള്‍ ഇപ്പോഴും ഇരുട്ടത്താണ്. ധര്‍മ്മസ്ഥല ട്രസ്റ്റിന്റെ കൈവശമുള്ള വിശാലമായ ഭൂമി വെട്ടിപ്പിടക്കാനുള്ള ചിലരുടെ ഗൂഢശ്രമമാണ് ഇതിന് പിന്നില്‍ എന്നത് ഉറപ്പാണ്. പക്ഷെ എത്ര എളുപ്പത്തില്‍ ഒരു ഹിന്ദു ക്ഷേത്രത്തെ അടിമുടി തകര്‍ക്കാനാകും എന്നതിന്റെ ഡ്രസ് റിഹേഴ്സലാണ് കര്‍ണ്ണാടകയില്‍ നടന്നത്. നാളെ ശബരിമലയിലും ഗുരുവായൂരിലും അയോധ്യയിലും ഇതുപോലെ കാര്യങ്ങള്‍ സംഭവിക്കില്ലേ?
എഐ സഹായത്തോടെ ഭയപ്പെടുത്തുന്ന വീഡിയോ ഉള്‍പ്പെടെ ഉപയോഗിച്ച് ആദ്യമായി ധര്‍മ്മസ്ഥല ക്ഷേത്രഭൂമി പെണ്‍കുട്ടികളുടെ കൂട്ടക്കുരുതിക്കളമാണെന്ന് ലോകത്തെ അറിയിച്ച സമീറിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്? ഈ കേസില്‍ മാധ്യമങ്ങളെ മുഴുവന്‍ ധര്‍മ്മസ്ഥലയില്‍ എത്തിച്ച് ക്ഷേത്രത്തിനും ധര്‍മ്മാധികാരിക്കും എതിരെ പ്രതികാരബുദ്ധിയോടെ കഥകള്‍ വിവരിച്ച ലോറി ഉടമ മനാഫിനെതിരെ നടപടിയില്ലേ? ഹിന്ദു സമുദായത്തില്‍ നിന്നും ക്രിസ്ത്യന്‍ സമുദായത്തിലേക്ക് മതപരിവര്‍ത്തനത്തിന് വിധേയമായ ശുചീകരണത്തൊഴിലാളിയായ ചിന്നയ്യയാണ് കേസില്‍ ഒന്നാം പ്രതി. പക്ഷെ ചിന്നയ്യ പറയുന്നു തന്നോട് ഈ നുണകള്‍ പറയാന്‍ പ്രേരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള ഒരു സംഘമാണെന്നാണ്. ആരാണ് ഈ നിഗൂഢശക്തികള്‍? റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായ, ക്ഷേത്രാധികാരികളുമായി തെറ്റിനില്‍ക്കുന്ന മഹേഷ് തിമ്മരോടി, ഗിരീഷ് മട്ടന്നവര്‍, ജയന്ത് ടി എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവര്‍. അപ്പോഴും യഥാര്‍ത്ഥ കുറ്റവാളികള്‍ ഇരുട്ടത്ത് തന്നെ.
















