കോഴിക്കോട് : നഗരത്തിലെ വിവിധയിടങ്ങളില്‍ വീട് വാടകയ്‌ക്ക് എടുത്ത ശേഷം ഉടമയറിയാതെ പണയത്തിന് നല്‍കി പണം തട്ടിയ കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് അശോകപുരം സ്വദേശിനി കോകിലം വീട്ടില്‍ മെര്‍ലിന്‍ ഡേവിസ് (59 ), വളയനാട് മാങ്കാവ് സ്വദേശി അല്‍ ഹന്ദ് വീട്ടില്‍ നിസാര്‍ (38 ) എന്നിവരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്.
2024 ഏപ്രിലില്‍ പ്രതികള്‍ വാടകയ്‌ക്ക് എടുത്ത വീട് തങ്ങളുടെ വീടാണെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിനി യുവതിയില്‍ നിന്നും 25 ലക്ഷം രൂപയും, മേരി എന്ന യുവതിയില്‍ നിന്നും 2.80 ലക്ഷം രൂപയും, ശ്രുതി എന്ന യുവതിയില്‍ നിന്നും ഏഴ് ലക്ഷം രൂപയും വാങ്ങി വീടിന്റെ ഉടമസ്ഥന്‍ അറിയാതെ പ്രതികള്‍ പണയത്തിന് നല്‍കി.
പിന്നീട് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസിലാക്കിയ യുവതികള്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് പ്രതികള്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമായത്. നിരവധി പേരെ സമാന രീതിയില്‍ പറ്റിച്ചിട്ടുണ്ടന്ന് കണ്ടെത്തി.
കോഴിക്കോട് നടക്കാവ്, ചേവായൂര്‍, എലത്തൂര്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ പ്രതികള്‍ വീട് വാടകയ്‌ക്ക് എടുത്ത ശേഷം ഈ വീട് തങ്ങളുടെതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീടിന്റെ ഉടമസ്ഥന്റെ അറിവില്ലാതെ മറ്റുള്ളവര്‍ക്ക് വലിയ തുകയ്‌ക്ക് പണയത്തിന് കൊടുക്കും.ഇതിന് ശേഷം പ്രതികള്‍ രണ്ടോ മൂന്നോ മാസം വീടിന് വാടക നല്‍കിയശേഷം മുങ്ങുകയുമായിരുന്നു രീതി. പുതുതായി വീട് നിര്‍മ്മിക്കുന്ന ആളുകളോട് വീടിന്റെ നിര്‍മ്മാണ ജോലികള്‍ ചെയ്തുതരാമെന്ന് പറഞ്ഞ് പലരില്‍ നിന്നും ഇവര്‍ പണം വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
മെര്‍ലിന്‍ ഡേവിസിനെ പാലക്കാട് നിന്നും നിസാറിനെ നടക്കാവില്‍ നിന്നുമാണ് പിടികൂടിയത്.
















