തിരുവനന്തപുരം: സ്‌കൂള്‍ വേനലവധി മാറ്റണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിന് പിന്തുണയുമായി സമസ്ത എത്തിയത് ദുരൂഹം. ലക്ഷ്യം സംസ്ഥാനത്തെ ഓണാഘോഷം അട്ടിമറിക്കലും ഓണാവധി വെട്ടിക്കുറയ്‌ക്കലുമെന്ന് ആരോപണം.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ വേദിയിലിരുത്തിയാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വേനല്‍ അവധി മാറ്റുന്നതിനെ അനുകൂലിച്ചത്. ചൂട് കൂടുന്ന മെയ് മാസവും മഴ കൂടുതലുള്ള ജൂണ്‍ മാസവും സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്നും വര്‍ഷത്തിലെ മൂന്ന് പരീക്ഷകള്‍ രണ്ടായി ചുരുക്കാമെന്ന അഭിപ്രായവും മുന്നോട്ടുവച്ചു. മര്‍ക്കസിലെ കെട്ടിട ഉദ്ഘാടന വേദിയിലായിരുന്നു കാന്തപുരത്തിന്റെ നിര്‍ദേശങ്ങള്‍.
1100 മണിക്കൂര്‍ അധ്യയനം നടക്കാനാണ് ഹൈസ്‌കൂളുകളില്‍ അരമണിക്കൂര്‍ വര്‍ദ്ധിപ്പിച്ചത്. ഇതിനെതിരെ സമസ്ത രംഗത്തു വന്നിരുന്നു. വലിയ എതിര്‍പ്പും ഉന്നയിച്ചു. മാത്രമല്ല ഓണം, ക്രിസ്തുമസ് അവധിക്കാലം സ്‌കൂള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവും സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വേനല്‍ അവധി മാറ്റാന്‍ വിദ്യാഭ്യാസ മന്ത്രിയും പിണറായി സര്‍ക്കാരും ആലോചിക്കുന്നത്. വേനല്‍ അവധി മാറ്റുന്നതോടെ ഓണപരീക്ഷയും ഓണ അവധിയും വെട്ടിക്കുറയ്‌ക്കാം. മെയ്, ജൂണ്‍ മാസങ്ങളില്‍ അവധിയായാല്‍ ജൂലൈയിലെ സ്‌കൂള്‍ തുറക്കാനാകൂ. രണ്ട് പരീക്ഷ മതിയെന്ന നിര്‍ദ്ദേശം കൂടിയായാല്‍ ഓണപ്പരീക്ഷ(പാദവാര്‍ഷിക പരീക്ഷ) തന്നെ ഇല്ലാതാകും.
പിന്നാലെ 10 ദിവസം അവധി എന്നത് ഉത്രാടം മുതല്‍ ചതയം വരെ നാലുദിവസം മാത്രമാക്കാം. ഇതോടെ രാവിലത്തെ 15 മിനിട്ട് അധിക പഠനം എന്നത് ഒഴിവാക്കാനും കഴിയും. ഇതിനുള്ള നീക്കമാണ് വേനല്‍ അവധി മാറ്റാനുള്ള ചര്‍ച്ചകള്‍ക്ക് പിന്നിലെന്നാണ് ആരോപണം.
















