ന്യൂദല്‍ഹി: ഗുരുവായൂര്‍ ദേവസ്വത്തിലെ താത്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടരുതെന്ന് സുപ്രീംകോടതി. ചില താത്കാലിക ജീവനക്കാര്‍ നല്കിയ പുതിയ അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും പിരിച്ചുവിടലിനെതിരെ നല്കിയ പുനഃപരിശോധന ഹര്‍ജിയും നേരത്തെ കോടതി തള്ളിയിരുന്നു.
ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി, അഡ്മിനിസ്ട്രേറ്റര്‍, കമ്മിഷണര്‍, ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പുറെപ്പടുവിച്ച വിജ്ഞാപനത്തിലെ പല വ്യവസ്ഥകളും 2024 ജൂലൈയിലെ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥിരപ്പെടുത്തണമെന്ന താത്കാലിക ജീവനക്കാരുടെ ആവശ്യം 2024 ജൂലൈ 18നാണ് സുപ്രീംകോടതി തള്ളിയത്. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടുപോകാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് അനുമതിയും നല്കി. ദീര്‍ഘകാലമായി താത്കാലിക ജീവനക്കാരായിട്ടുള്ളവര്‍ക്ക് അപേക്ഷ നല്കാന്‍ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്കണമെന്നും അവരുടെ പ്രവൃത്തിപരിചയവും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കണക്കിലെടുക്കണമെന്നും സുപ്രീംകോടതി അന്ന് നിര്‍ദേശിച്ചിരുന്നു.
















