ന്യൂദല്‍ഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഭാരതത്തിന്റെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യപരീക്ഷണം ഈ വര്‍ഷം ഡിസംബറിലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍. ന്യൂദല്‍ഹിയില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്രസിങിന്റെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
ബഹിരാകാശ യാത്രികന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ ആദ്യമായി മാധ്യമങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. ആക്സിയം നാല് ദൗത്യത്തിന്റെ ഭാഗമായി താന്‍ നടത്തിയ ബഹിരാകാശ യാത്രയിലെ അനുഭവങ്ങള്‍ ഗഗന്‍യാന്‍ ദൗത്യത്തില്‍ മുതല്‍ക്കൂട്ടാകുമെന്ന് ശുഭാംശു ശുക്ല വ്യക്തമാക്കി. ഭൂമിയില്‍ നടത്തിയ ഏതൊരു പരീക്ഷണങ്ങളെക്കാളും വിലമതിക്കാനാവാത്ത അനുഭവമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിക്കായി ഭാരതം തയാറായിക്കഴിഞ്ഞുവെന്ന് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ആത്മ നിര്‍ഭര്‍ ഭാരതിന്റെയും വിശ്വബന്ധു ഭാരതത്തിന്റെയും ദര്‍ശനത്തെ സാധൂകരിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
പറഞ്ഞു.














