ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തെ നശിപ്പിക്കാന്‍ കൂട്ടക്കൊലപാതകക്കഥ ചമച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം ഗൂഢാലോചനക്കാരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടിയെയാണ് അറസ്റ്റ് ചെയ്തത്.
ഇത് സംബന്ധിച്ച് കള്ളക്കേസുകള്‍ ഉണ്ടാക്കിയ മാധ്യമങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും എന്ന് വന്നതോടെ മലയാളത്തിലെ 24ചാനല്‍, ന്യൂസ് 18 മലയാളം, മീഡിയ വണ്‍ എന്നിവര്‍ മത്സരിച്ച് പഴയ വീഡിയോകള്‍ പിന്‍വലിക്കുകയാണ്. നിരവധി യൂട്യൂബര്‍മാരും അവരുടെ ചാനല്‍ തന്നെ നീക്കിയിരിക്കുന്നു.
ഉഡുപ്പി ബ്രഹ്മാവർ പൊലീസാണ് ഉജ്ജിരെയിലെ വീട്ടിൽ നിന്ന് മഹേഷ് തിമ്മരോഡിയെ അറസ്റ്റ് ചെയ്തതത്. സമൂഹമാധ്യമത്തിലൂടെ ബിജെപിയുടെ ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായ ബി.എല്‍. സന്തോഷിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടു എന്നാരോപിച്ച് ബിജെപിയുടെ ഉഡുപ്പിറൂറല്‍ മണ്ഡല്‍ പ്രസിഡന്‍റ് രാജീവ് കുലാല്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മഹേഷ് ഷെട്ടി തിമ്മരോടിയുടെ അറസ്റ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഹാജരാകാതിരുന്നതോടെയാണ് പൊലീസ് തിമ്മരോടിയെ അറസ്റ്റ് ചെയ്തത്.
ധര്‍മ്മസ്ഥല ക്ഷേത്രനഗരിയ്‌ക്കെതിരായ ആക്ഷന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കിയ മഹേഷ് ഷെട്ടി തിമ്മരോടി പക്ഷെ വിവാദമായ ഒട്ടേറെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതിന്റെ പേരില്‍ ക്ഷേത്ര അധികാരികളുടെ കണ്ണിലെ കരടായിരുന്നു. പല ഭൂമികളും ക്ഷേത്രത്തിന് ആവശ്യമുണ്ടെന്ന് പറഞ്ഞ് വാങ്ങാന്‍ ശ്രമിച്ച മഹേഷ് ഷെട്ടി തിമ്മരോടിയുടെ കള്ളങ്ങള്‍ ക്ഷേത്രാധികാരികള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ തിമ്മരോടിയുമായുള്ള ബന്ധം ക്ഷേത്രാധികാരികള്‍ ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് മഹേഷ് തിമ്മരോടി മഞ്ജുനാഥക്ഷേത്രത്തിനും ധര്‍മ്മാധികാരിയും രാജ്യസഭാ എംപിയുമായ വീരേന്ദ്രഹെഗ്ഗഡെയ്‌ക്കെതിരെ തിരിഞ്ഞത്.
















