ഗുവാഹതി: മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജൻ, കരൺ ഥാപ്പർ എന്നിവരോട് വസ്തുതകൾ വിശദീകരിക്കാൻ പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന് അസം പോലീസിന്റെ സമൻസ്.
ആഗസ്ത് 22 ന് ഗുവാഹത്തി പോലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത ഒരു കേസിൽ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് വസ്തുതകളും സാഹചര്യങ്ങളും കണ്ടെത്തുന്നതിന് മൊഴി നൽകേണ്ടതുണ്ടെന്നും ഹാജരാകണ’മെന്നുമാണ് ആവശ്യം.
കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പങ്കുവെച്ചിട്ടില്ല.
‘നോട്ടീസിന്റെ നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൻ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് സമൻസിൽ പറയുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ സൗമർജ്യോതി റേയാണ് സമൻസ് പുറപ്പെടുവിച്ചത്, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്)യുടെ 152, 196, 197(1)(ഉ)/3(6), 353, 45, 61 എന്നീ വകുപ്പുകൾ പ്രകാരം െ്രെകംബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ (നമ്പർ: 03/2025) പ്രകാരമാണ് സമൻസ്.
ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് സർക്കാരും സൈന്യവും ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങൾക്ക് വിരുദ്ധമായി അടിസ്ഥാന രഹിത വിവങ്ങൾ വാർത്താ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് കേസിന് ആധാരം.












