കൗമാരങ്ങളുടെ ക്രൂരചാപല്യങ്ങള്‍ കണ്ടും കേട്ടും വേദനിക്കുകയും നിരാശപ്പെടുകയും ചെയ്യുന്ന സമൂഹ മനസ്സാക്ഷിക്ക്, കൊടുംവേനലിലെ കുളിര്‍മഴയെന്നപോലെയാണ് മാസ്റ്റര്‍ സായിശ്രീ എന്നറിയപ്പെടുന്ന പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ശ്രീഗണേശിന്റെ കവിതകള്‍. പതിനാല് ഇംഗ്ലീഷ് കവിതകള്‍ ഉള്‍പ്പെടുന്നതാണ് ‘The Horizon and Beyond’ എന്ന സമാഹാരം. കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതിനാല്‍ സ്‌കൂള്‍ അടച്ചിട്ടിരുന്ന കാലത്ത് ശ്രീഗണേഷ് കുറിച്ചിട്ട മുപ്പതോളം കവിതകളില്‍ നിന്നു തെരഞ്ഞെടുത്തവയാണ് പുസ്തകരൂപത്തിലാക്കിയിരിക്കുന്നത്.
ലോകാനുഭവങ്ങളുടെ ഉപരിപ്ലവമായ യാഥാര്‍ത്ഥ്യം മാത്രം അംഗീകരിക്കുന്ന കാഴ്ചപ്പാടില്‍ നിന്നു വ്യത്യസ്തമായി സങ്കീര്‍ണമായിട്ടുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങളെ കാവ്യകല സ്പര്‍ശിക്കുന്നതാണ് ഇതിലെ കവിതകളില്‍ കാണാന്‍ കഴിയുന്നത്. സര്‍ഗാത്മ ഭാവനയുടെ സവിശേഷത മനുഷ്യര്‍ക്ക് വിചാരതലത്തില്‍ ഉണരുന്നതുമാകാം, വൈകാരിക മനസ്സിന്റേതുമാകാം. അതിനാലാണ് ഗ്രീക്കുകാര്‍ ഭാവനയെ വികാരത്തിനും ചിന്തയ്‌ക്കുമിടയില്‍ വരുന്ന മാനസിക വ്യാപാരമായി കരുതിയത്.
സത്യദര്‍ശനവും സൗന്ദര്യവും ഒരുമിക്കുന്ന കാവ്യങ്ങള്‍ ഇക്കാലത്ത് വിരളമാണ്. ഇവയുടെ മാനദണ്ഡങ്ങള്‍ വ്യത്യസ്തമാകുന്നതാണ് ഇതിന് ഒരു കാരണം. സൗന്ദര്യബോധത്തിന്റേത് രസവും വിരസവുമാണെങ്കില്‍ സത്യബോധത്തിന്റേത് ശരിയും തെറ്റുമാണ്. എന്നാല്‍ വാല്മീകി മുതല്‍ ഇങ്ങോട്ടുള്ള ഭാരതത്തിലെ പ്രാചീന കവികള്‍ ഇവയെ കോര്‍ത്തിണക്കി ലോകോത്തര സൃഷ്ടികള്‍ നടത്തിയിരുന്നു. ആഖ്യാനചാതുരി, കാവ്യാംഗനയുടെ ലോലസ്പന്ദം, ജീവിത യാഥാര്‍ത്ഥ്യം, ധാര്‍മികത, അലൗകിക സത്യദര്‍ശനം എന്നിവയെ പരസ്പര പൂരകങ്ങളാക്കി മാറ്റിയ മാന്ത്രിക സിദ്ധിയാണ് അവയില്‍ ആസ്വാദകന് കാണാന്‍ സാധിക്കുന്നത്.
കാവ്യനിര്‍മിതി വെറും അഭ്യാസമായിത്തീര്‍ന്നതും, ചിരപ്രതിഷ്ഠിതമായ മാനദണ്ഡങ്ങളെയെല്ലാം നിരാകരിച്ച് കൃത്രിമ മാനങ്ങള്‍ തേടുന്നതും, ആര്‍ക്കും കേറി കവിയാകാമെന്ന സാഹചര്യം നിലനില്‍ക്കുന്നതുമായ ഇക്കാലത്ത് ജന്മസിദ്ധമായ കാവ്യപ്രതിഭകള്‍ കടന്നുവരുന്നത് എത്ര ആശ്വാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. ആകാശനീലിമയിലേക്ക് പറന്നുയര്‍ന്ന് വ്യോമപ്പരപ്പിന്റെ അതിരുകളെപ്പോലും അതിലംഘിക്കാന്‍ ആഗ്രഹിക്കുന്ന ചെറുപതംഗം താഴെ ഒരു താമരപ്പൂവിന്റെ മനോഹാരിതയില്‍ ജീവിതരഹസ്യം തേടുന്നത് ഈ സമാഹാരത്തിലെ ‘The Illusion of Beauty’ എന്ന കവിതയില്‍ വായിക്കാം:
‘Every beauty holds danger,
the closer we may be.
Look at the sun, so beautiful
we can’t even gaze
Closer still, we’ll burn and fade
………………………………….
I am merely a flower,
lovely from afar.
Come closer and it’s all dirt.’
ബുദ്ധിഗ്രാഹ്യമായ ആശയങ്ങളോട് ഭാവാത്മകമായി പ്രതികരിക്കുമ്പോഴാണ് കാവ്യം ഉടലെടുക്കുന്നതെന്ന് ഈ സമാഹാരത്തിലെ കവിതകള്‍ സാക്ഷ്യം പറയുന്നു. ‘In His Embrace’ എന്ന കവിതയില്‍ ഇത് കാണാം. ഈശ്വരന്റെ കുസൃതിയില്‍പ്പെട്ടുപോയ ഒരു സത്യവിശ്വാസിയുടെ ജീവിത സമസ്യയാണ് ഇവിടെ എടുത്തുകാട്ടുന്നത്.
‘What to do, my Lord?
Near you is my desire
………………
You are me, and I am you
Trapped I am in your mischief.’
അറിവിന്റെ കലവറയും എന്നാല്‍ കാലപ്പഴക്കത്താല്‍ ദ്രവിക്കാറായതുമായ ഒരു പുസ്തകം പോലെയാണ് ജീവിതസമരത്തിന്നൊടുവില്‍ ഒരു ജ്ഞാനവൃദ്ധന്റെ അനുഭവകഥകള്‍ ഉള്‍ക്കൊള്ളുന്ന മനസ്സ്. ഇതാണ് ‘Wispers of an old Book’ എന്ന കവിതയിലെ വരികള്‍ ഓര്‍മിപ്പിക്കുന്നത്. അനേകം നേട്ടങ്ങള്‍ കൊയ്ത ധീരപോരാളിയായിരുന്ന ഒരു വൃദ്ധന്റെ ജീവിതസായാഹ്നം ഇതില്‍ വരച്ചിടുന്നത് നോക്കുക :
‘Just a child I am,
at the end of my life.
I need a handful of
care and love.
Don’t have time? My
dearies and kids
I could tell you about
the horizon and beyond
Come to me, I will
make you fly high
Come to me before
You collect my bon-es.’
ദാര്‍ശനികമാനമുള്ളതാണ് ഈ സമാഹാരത്തിലെ മിക്ക കവിതകളും. ഭാരതീയ ദര്‍ശനങ്ങളിലേക്ക് ആവേഗം കൊള്ളുന്ന വരികളാണ് ഏറെയും. സൃഷ്ടിയെ സംബന്ധിക്കുന്നതും, മനുഷ്യജന്മത്തിന്റെ സവിശേഷത എടുത്തുകാട്ടുന്നതുമാണ് ‘A Cosmic Reflection’ എന്ന കവിത. ഇതില്‍ സ്വന്തം ജീവനെത്തന്നെ ഇല്ലാതാക്കിയേക്കാവുന്ന പകര്‍ച്ച വ്യാധികള്‍, യുദ്ധങ്ങള്‍ മുതലായ അനേകതരം അപകടങ്ങളെ അതിജീവിക്കാന്‍ നിരന്തരം ശ്രമിക്കുന്ന ‘പോരാളികളില്‍ പോരാളി’ യായിട്ടാണ് മനുഷ്യനെ വര്‍ണിച്ചിട്ടുള്ളത്.
അനന്തതയുടെ സ്പര്‍ശത്താല്‍ ഗഹനവും, ഭാരതീയ സത്യദര്‍ശനങ്ങളുടെ ഉള്‍ച്ചേര്‍ച്ചയാല്‍ മഹത്തരവും, ജീവിത സമസ്യകളോടുള്ള നിര്‍മല വൈകാരിക പ്രതികരണങ്ങളാല്‍ ഭാവാത്മകവുമാണ് ഈ സമാഹാരത്തിലെ കവിതകള്‍. പുതുമക്കമ്പം കയറിയ കവികള്‍ ഉപേക്ഷിച്ചുപോയവയാണല്ലോ ഇവയെല്ലാം. ഭാവി വാഗ്ദാനമാണ് ഈ കവിയെന്ന് നിസ്സംശയം പറയാം. കാവ്യലാവണ്യവും അര്‍ത്ഥമൂല്യവും ചേരുന്ന ഇത്തരം കവിതകള്‍ ഈ കൗമാരപ്രതിഭയുടെ പൊന്‍തൂലികയില്‍ നിന്ന് ഇനിയും പിറവികൊള്ളട്ടെ.
















