അമരാവതി: വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനവ്യാപകമായി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘സ്ത്രീ ശക്തി’ പദ്ധതി പ്രകാരം ആന്ധ്രപ്രദേശില്‍ താമസിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സംസ്ഥാനത്തിന്റെ ഏതുഭാഗത്തേക്കും യാത്ര ചെയ്യാം.
ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ (എപിഎസ്ആര്‍ടിസി) ഭാഗമായുള്ള അഞ്ച് ബസ് സര്‍വീസുകളിലാണ് വനിതകള്‍ക്ക് സൗജന്യയാത്ര ലഭിക്കുക. വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൂജ്യം നിരക്കുള്ള പ്രത്യേക ടിക്കറ്റുകളാവും നല്‍കുക. റീഇംബേഴ്സ്മെന്റിനായി എപിഎസ്ആര്‍ടിസി ഈ ടിക്കറ്റുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. തിരിച്ചറിയല്‍ രേഖ ബസ് കണ്ടക്ടറെ കാണിക്കണം.
സംസ്ഥാനത്തെ 2.62 കോടി വനിതകള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭ്യമാകും. എപിഎസ്ആര്‍ടിസിയുടെ കീഴിലുള്ള 11,449 ബസുകളില്‍ 74 ശതമാനം ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം.
പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിര്‍വഹിച്ചു. ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ഐടി മന്ത്രി നരാ ലോകേഷ് എന്നിവര്‍ സ്ത്രീകള്‍ക്കൊപ്പം ഉദ്ഘാടനയാത്രയില്‍ പങ്കെടുത്തു. ചടങ്ങില്‍ എന്‍ഡിഎ നേതാക്കളും സന്നിഹിതരായിരുന്നു. പ്രതിവര്‍ഷം 1942 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്.
















