ന്യൂദൽഹി: ‘വ്യാപാരയുദ്ധ’ത്തിനും തയാറെന്ന് സ്വാതന്ത്ര്യ ദിനത്തിൽ ലോകത്തോട് പറയാതെ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ 79 ാം സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രത്തിന്റെ നിശ്ചയ ദാർഢ്യത്തിന് ഒപ്പം നിൽക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
”നമ്മുടെ വ്യാപാരികളും കടയുടമകളും ‘സ്വദേശി’ ഉൽപ്പന്നങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്ന ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു’വെന്ന് പ്രധാനമന്ത്രി പറഞ്ഞു. (മഹാത്മാഗാന്ധി ആരംഭിച്ച സ്വദേശി പ്രസ്ഥാനത്തിശന ഇക്കാലത്തും രാജ്യവും ജനതയുമേറ്റെടുത്ത് രാഷ്‌ട്രത്തിന്റെ സ്വയംപര്യാപ്തത സ്ഥാപിക്കണമെന്ന് സ്വാതന്ത്ര്യദിനത്തലേന്ന് രാജയത്തെ അഭിസംബോധനചെയ്ത് രാഷ്‌ട്രപതി ദ്രൗപതി മുർമ്മുവും ആഹവാനം ചെയ്തിരുന്നു.
വ്യാപാര-വാണിജ്യ രംഗത്ത് ചില രാജ്യങ്ങൾ ഭാരതത്തിനെതിരേ നടത്തുന്ന ‘പടയൊരുക്കങ്ങൾക്ക്’ അതേ ശക്തിയിൽ പ്രതികരണം നൽകാൻ രാജ്യം സജ്ജമാണെന്ന് വെളിപ്പെടുത്തുന്നതാണ് രാഷ്‌ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സന്ദേശങ്ങൾ എന്നാണ് വിലയിരുത്തപ്പെടുന്നത്.
ആയുധംകൊണ്ടുള്ള യുദ്ധത്തിനെങ്കിൽ അങ്ങനെ, ആശയംകൊണ്ടെങ്കിൽ അങ്ങനെ, അതല്ല, വാണിജ്യ-വ്യാപാര രംഗത്താണെങ്കിൽ അവിടെയും തയാർ, എന്നു പ്രഖ്യാപിക്കുന്നതായി വാസ്തവത്തിൽ പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം-ജന്മഭൂമി). പ്രസംഗത്തിൽനിന്ന്:
വിലകുറയും
‘ആദായനികുതി നിയമങ്ങളിൽ സർക്കാർ വലിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്, ചില ആളുകൾക്ക് അതിന്റെ നേട്ടങ്ങൾ ബഹളത്തിനിടയിൽ നഷ്ടമായിട്ടുണ്ടാകാം. കഴിഞ്ഞ പത്തുവർഷം പരിഷ്‌കരണത്തിന്റെയും, പ്രവർത്തനത്തിന്റെയും, പരിവർത്തനത്തിന്റെയും കാലമായിരുന്നു; ഇനി നമ്മൾ കൂടുതൽ വലിയ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ വ്യാപാരികളും കടയുടമകളും ‘സ്വദേശി’ ഉൽപ്പന്നങ്ങൾക്കായി ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു.
ഈ ദീപാവലി, നിങ്ങൾക്ക് ഞാൻ ഇരട്ട ദീപാവലിയാക്കും. എട്ട് വർഷമായി, ജിഎസ്ടിയിൽ പ്രധാനപ്പെട്ട ചില പരിഷ്‌കാരം സർക്കാർ നടപ്പിലാക്കിവരികയാണ്്. അടുത്ത ഘട്ടം ജിഎസ്ടി പരിഷ്‌കാരങ്ങൾ ഉടൻ വരും. ഇത് രാജ്യത്തുടനീളം നികുതി ഭാരം കുറയ്‌ക്കും. ((ദീപാവലിക്കുമുമ്പ് നടപ്പിൽ വരുത്തുന്ന ഈ സംവിധാനം വിലക്കുറവിന് കാരണമായേക്കും- ജന്മഭൂമി.)

സംരംഭകത്വം
കഴിഞ്ഞ 11 വർഷത്തിനിടയിൽ, സംരംഭകത്വം അഭിവൃദ്ധി പ്രാപിച്ചു, നമ്മുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ടിയർ-2, ടിയർ-3 നഗരങ്ങളിൽ ലക്ഷക്കണക്കിന് സ്റ്റാർട്ടപ്പുകൾ ഉണ്ട്; മുദ്ര യോജന കോടിക്കണക്കിന് യുവാക്കളെയും സ്ത്രീകളെയും മുദ്ര വായ്‌പകളിലൂടെ സഹായിച്ചിട്ടുണ്ട്.
ആദിവാസികൾക്കൊപ്പം
നുഴഞ്ഞുകയറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റത്തിന്റെ വെല്ലുവിളിയെ നേരിടാൻ സർക്കാർ ഈ രംഗത്ത് ജനസംഖ്യാപരമായ ദൗത്യ ഉന്നതാധികാര സമിതി രൂപീകരിക്കും.
ഒരു ആശങ്കയെക്കുറിച്ചും വെല്ലുവിളിയെക്കുറിച്ചും രാജ്യത്തെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചിലർ നന്നായി ആലോചിച്ച് തയ്യാറാക്കിയ ഒരു ഗൂഢാലോചനയുടെ ഫലമായി രാജ്യത്തിന്റെ ജനസംഖ്യാ അനുപാത ശാസ്ത്രം മാറ്റിക്കൊണ്ടിരിക്കുന്നു. ഒരു പുതിയ പ്രതിസന്ധിയുടെ വിത്തുകൾ വിതയ്‌ക്കപ്പെടുന്നു. നുഴഞ്ഞുകയറ്റക്കാർ നമ്മുടെ രാജ്യത്തെ യുവാക്കളുടെ ഉപജീവനമാർഗ്ഗം തട്ടിയെടുക്കുകയാണ്. രാജ്യത്തെ സഹോദരിമാരെയും പെൺമക്കളെയും നുഴഞ്ഞുകയറ്റക്കാർ ലക്ഷ്യമിടുന്നു. ഇത് അനുവദിക്കില്ല.
ഈ നുഴഞ്ഞുകയറ്റക്കാർ നിരപരാധികളായ ആദിവാസികളെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ ഭൂമി കൈവശപ്പെടുത്തുകയും ചെയ്യുന്നു. രാജ്യം ഇത് വെച്ചുപൊറുപ്പിക്കില്ല. അതിർത്തി പ്രദേശങ്ങളിൽ ജനസംഖ്യാപരമായ മാറ്റം സംഭവിക്കുമ്പോൾ, അത് ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നു… ഒരു രാജ്യത്തിനും അത് അനുവദിക്കാനാവില്ല… അതിനാൽ, ഈ സർക്കാർ ഒരു ‘ഹൈ പവർ ഡെമോഗ്രഫി മിഷൻ’ ആരംഭിക്കാൻ തീരുമാനിച്ചതായി അറിയിക്കുന്നു.
അനധികൃത കുടിയേറ്റക്കാരെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
ആർഎസ്സ്എസ്സ്
ഇന്ന്, 100 വർഷങ്ങൾക്ക് മുമ്പ് ഒരു സംഘടന പിറന്നുവെന്ന് ഞാൻ അഭിമാനത്തോടെ പറയാൻ ആഗ്രഹിക്കുന്നു – രാഷ്‌ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്). രാഷ്‌ട്രത്തിനായുള്ള 100 വർഷത്തെ സേവനം അഭിമാനകരവും സുവർണ്ണവുമായ ഒരു അധ്യായമാണ്. ഭാരതാംബയുടെ ക്ഷേമം ലക്ഷ്യമിട്ട്, ‘വ്യക്തി നിർമ്മാണത്തിലൂടെ രാഷ്‌ട്ര നിർമ്മാണം’ എന്ന ദൃഢനിശ്ചയത്തോടെ, സ്വയംസേവകർ നമ്മുടെ മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി അവരുടെ ജീവിതം സമർപ്പിച്ചു. ഒരു തരത്തിൽ, ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സംഘടനയാണ് (എൻജിഒ) ആർഎസ്എസ്. അതിന് 100 വർഷത്തെ സമർപ്പണ ചരിത്രമുണ്ട്,’ പ്രധാനമന്ത്രി മോദി പറഞ്ഞു.

കർഷകർക്കായി
നമ്മുടെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കന്നുകാലി വളർത്തുന്നവരുടെയും താൽപ്പര്യങ്ങൾക്കെതിരായ ഏതൊരു നയത്തിനും മുന്നിൽ മോദി ഒരു മതിൽ പോലെ നിൽക്കുന്നു. (യുഎസുമായുള്ള താരിഫ് തർക്കത്തിനിടെ പ്രധാനമന്ത്രി മോദി പറഞ്ഞു. റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് ന്യൂഡൽഹി തുടരുന്നതിനാൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭാരതത്തിന് 50% തീരുവ ഏർപ്പെടുത്തിയത് ഓർമ്മിക്കുമല്ലോ-ജന്മഭൂമി).
‘ഇന്ന് ഭാരതം പാൽ, പയർവർഗ്ഗങ്ങൾ, ചണം എന്നിവയുടെ ഉൽപാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ്. രണ്ടാമത്തെ വലിയ മത്സ്യ ഉൽപ്പാദക രാജ്യവുമാണ്. അരി, ഗോതമ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ രണ്ടാമത്തെ വലിയ ഉൽപ്പാദക രാജ്യവുമാണ്. 4 ലക്ഷം കോടി രൂപയുടെ കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതി നടന്നിട്ടുണ്ട്. അവരെ പിന്തുണയ്‌ക്കാൻ നിരവധി പദ്ധതികളുണ്ട്. കർഷകർക്ക് സർക്കാർ ഏർപ്പെടുത്തിയ വിവിധ ഇൻഷുറൻസ് പദ്ധതികൾ അവർക്ക് ധൈര്യമേകുന്നു.

സുദർശന പ്രതിരോധം
നമ്മെ ആക്രമിക്കാനുള്ള ശത്രുക്കളുടെ ഏതൊരു ശ്രമത്തെയും തടയുന്നതിന് ശക്തമായ ആയുധ സംവിധാനം സൃഷ്ടിക്കുന്നതിനായി ‘മിഷൻ സുദർശൻ ചക്ര’ ഭാരതം ആവിഷ്‌കരിക്കും.
‘അടുത്ത പത്ത് വർഷത്തിനുള്ളിൽ, 2035 ആകുമ്പോഴേക്കും, ഈ ‘ദേശീയ സുരക്ഷാ കവചം’ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും നവീകരിക്കാനും സർക്കാർ ആഗ്രഹിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ സംവിധാനത്തിന് ‘സുദർശന ചക്ര’ത്തിന്റെ മാതൃകയാണ് ഇതിന് തിരഞ്ഞെടുത്തിരിക്കുന്നത്.














