ആലുവ : നിരവധി മോഷണ കേസിലെ പ്രതി അറസ്റ്റിൽ. കോട്ടയം കിടങ്ങൂർ തെക്കേമഠം വേണുഗോപാൽ (വേണു – 52) നെയാണ് നോർത്ത് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. നോർത്ത് പറവൂർ കോടതി പരിസരത്ത് നിന്നും കഴിഞ്ഞ 4 ന് ചേന്ദമംഗലം സ്വദേശിയുടെ ഇരുചക്ര വാഹനം മോഷണം പോയിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ വേണുഗോപാലിനെ നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. മോഷണം ചെയ്ത ഇരുചക്ര വാഹനവും കണ്ടെടുത്തു. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇരുപത്തി അഞ്ചോളം മോഷണ കേസുകളിൽ പ്രതിയാണ്. മറ്റ് സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ് ഐ ബിബിൻ, എഎസ്ഐ മാരായ അൻസാർ, സിനു മോൻ,വിനോദ്, എസ്.സി.പി.ഒ ലിജോ ഫിലിപ്പ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
















