ലഖ്‌നൗ : ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്‌ത്തിയും നന്ദിപറഞ്ഞും പ്രതിപക്ഷ എംഎല്‍എ പൂജാ പാല്‍. യുപി നിയമസഭയിലെ സമാജ്‌വാദി പാര്‍ട്ടി അംഗമാണ് പൂജ. ഇവരുടെ ഭര്‍ത്താവ് രാജു പാലിനെ കൊലപ്പെടുത്തിയ അതിഖ് അഹമ്മദിനെ ഇല്ലാതാക്കിയതിനാണ് യോഗിക്ക് പൂജ നന്ദി അറിയിച്ചത്.ഉത്തർപ്രദേശ് നിയമസഭയിൽ ‘വിഷൻ ഡോക്യുമെൻറ് 2047’ എന്ന വിഷയത്തിൽ നടന്ന മാരത്തൺ ചർച്ചയ്‌ക്കിടെയാണ് സമാജ്‌വാദി പാർട്ടി എംഎൽഎ യോഗിയെ പുകഴ്‌ത്തി പ്രസംഗം നടത്തിയത്.
മറ്റാരും കേൾക്കാതിരുന്നപ്പോൾ തന്നെ കേട്ടത് യോഗിയാണെന്നും അദ്ദേഹത്തെ മുഴുവൻ സംസ്ഥാനവും വിശ്വാസത്തോടെയാണ് കാണുന്നതെന്നും പൂജ പാൽ പറഞ്ഞു. പൂജയുടെ ഭർത്താവും ബഹുജൻ സമാജ് പാർട്ടി എംഎൽഎയുമായ രാജു പാൽ 2005ൽ ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ വെടിയേറ്റ് മരിച്ചിരുന്നു.
‘എല്ലാവർക്കും അറിയാം എന്റെ ഭർത്താവിനെ കൊന്നതാരാണെന്ന്. എനിക്ക് നീതി ലഭ്യമാക്കിയതിനും മറ്റാരും കേൾക്കാതിരുന്നപ്പോൾ എന്നെ കേട്ടതിനും മുഖ്യമന്ത്രിയോട് നന്ദി പറയുന്നു. ആതിഖ് അഹമ്മദിനെപ്പോലെയുള്ള ക്രിമിനലുകളെ കൊല്ലുന്നതടക്കം കുറ്റകൃത്യങ്ങളോട് സന്ധിയില്ലാത്ത നയങ്ങൾ പ്രയാഗ്‌രാജിലെ എന്നെപ്പോലെയുള്ള അനേകം സ്ത്രീകൾക്ക് അദ്ദേഹം നീതി ലഭ്യമാക്കി. ഇന്ന് മുഴുവൻ സംസ്ഥാനവും അദ്ദേഹത്തെ വിശ്വാസത്തോടെയാണ് നോക്കുന്നത്. എന്റെ ഭർത്താവിനെ കൊന്ന ആതിഖ് അഹമ്മദിനെ മണ്ണോടു ചേർക്കാനുള്ള ജോലി മുഖ്യമന്ത്രി ചെയ്തു’’–പൂജ പറഞ്ഞു.
എന്നാൽ ഇതിനു പിന്നാലെ പൂജാ പാലിനെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പുറത്താക്കി.കടുത്ത അച്ചടക്കരാഹിത്യവും പാര്‍ട്ടിയുടെ പ്രതിച്ഛായയ്‌ക്ക് കോട്ടം വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
എന്നാൽ പറഞ്ഞ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പൂജാ പാല്‍ പ്രതികരിച്ചു. ‘എന്നെക്കാള്‍ കൂടുതല്‍ വിഷമിച്ചിരുന്ന പ്രയാഗ്രാജിലെ സ്ത്രീകളുടെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ ഞാന്‍ അവരുടെ ശബ്ദമാണ്, ഒരു എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലേക്ക് അയക്കപ്പെട്ടവളാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും ശബ്ദമാണ് ഞാന്‍. അവരാണ് എന്നെ ഇവിടേക്ക് അയച്ചത്. പൂജാ പാലിന് മാത്രമല്ല, അതീഖ് അഹമ്മദ് കാരണം ബുദ്ധിമുട്ടിയ പ്രയാഗ്രാജിലെ എല്ലാ ജനങ്ങള്‍ക്കും മുഖ്യമന്ത്രി നീതി നല്‍കിയിട്ടുണ്ട്’ പൂജാ പാല്‍ പറഞ്ഞു.
















