ന്യൂദല്‍ഹി: : ഡെറാഡൂണിലെ രാഷ്‌ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് 2026 ജൂലൈ മാസത്തില്‍ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ 7ന് നടക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരീക്ഷയ്‌ക്ക് അപേക്ഷിക്കാം. പരീക്ഷാര്‍ത്ഥി പ്രവേശനസമയത്ത് 2026 ജൂലൈ 1-ന് ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ ഏഴാം ക്ലാസ് പഠിക്കുകയോ, ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാര്‍ഥി 2013 ജൂലൈ 2-നും 2015 ജനുവരി 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം.
പ്രവേശന പരീക്ഷയ്‌ക്കുള്ള അപേക്ഷാഫോമും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്‌ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയും, എസ്.സി/ എസ്.ടി. വിഭാഗത്തിലെ കുട്ടികള്‍ക്ക് 555 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി. വിഭാഗത്തിലെ കുട്ടികള്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷാഫോമിന് അപേക്ഷിക്കാം. അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. നിര്‍ദിഷ്ട അപേക്ഷ ലഭിക്കുന്നതിനായി ഡിമാന്റ് ഡ്രാഫ്റ്റ് ‘THE COMMANDANT, RIMC FUND,’ DRAWEE BRANCH, HDFC BANK, BALLUPUR CHOWK, DEHRADUN, (BANK CODE -1399), UTTARAKHAND എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ ‘THE COMMANDANT, RASHTRIYA INDIAN MILITARY COLLEGE, GARHI CANTT, DEHRADUN, UTTARAKHAND, PIN 248003’ എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകര്‍ രാഷ്‌ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് ഒക്ടോബര്‍ 15നു മുന്‍പായി ലഭിക്കുന്ന തരത്തില്‍ ‘സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12’ എന്ന വിലാസത്തില്‍ രേഖകള്‍ സഹിതം അയയ്‌ക്കണം.
















