ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള യുദ്ധത്തിൽ തോൽക്കുകയാണെന്ന് തോന്നിയാൽ, ലോകത്തിന്റെ പകുതിയും തകർക്കുമെന്ന് പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ . ഫ്ലോറിഡയിലെ ടാമ്പയിൽ വ്യവസായി അദ്‌നാൻ അസദ് സംഘടിപ്പിച്ച പരിപാടിയിലാണ് അസിം മുനീർ ഭീഷണി മുഴക്കിയത്.
‘ഞങ്ങൾ ഒരു ആണവ രാഷ്‌ട്രമാണ്, ഞങ്ങൾ തോൽക്കുകയാണെന്ന് തോന്നിയാൽ, പകുതി ലോകവും ഞങ്ങൾ തകർക്കും . ഇന്ത്യ സിന്ധു നദീജല കരാർ നിർത്തിവച്ചതിനാൽ 2.5 കോടി ആളുകൾ പട്ടിണി കിടന്ന് മരിക്കാൻ സാധ്യതയുണ്ട്. ഇന്ത്യ ഒരു അണക്കെട്ട് നിർമ്മിച്ചാൽ പത്ത് മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അത് നശിപ്പിക്കും . സിന്ധു നദിയിൽ ഇന്ത്യയ്‌ക്ക് വ്യക്തിപരമായ ഉടമസ്ഥാവകാശമില്ല. പാകിസ്ഥാന് മിസൈലുകൾക്ക് ക്ഷാമമില്ലെന്ന് ആരും മറക്കരുത് ‘ അസിം മുനീർ പറഞ്ഞു.
ഇന്ത്യയ്‌ക്ക് വിലപ്പെട്ട സ്വത്തുക്കളുള്ള കിഴക്കൻ ഇന്ത്യയിൽ പാകിസ്ഥാൻ ആക്രമണം അഴിച്ചുവിടും, പിന്നീട് പടിഞ്ഞാറോട്ട് നീങ്ങും. ഇസ്ലാമിക കൽമയുടെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ട ഒരേയൊരു രാജ്യമാണ് പാകിസ്ഥാൻ . അതിനാൽ അല്ലാഹു ഊർജ്ജവും പ്രകൃതി വിഭവങ്ങളും നൽകി അനുഗ്രഹിക്കും . പ്രവാചകൻ മുഹമ്മദ് ഇസ്ലാമിക ഭരണത്തിന് അടിത്തറയിട്ട മദീനയെപ്പോലെ പാകിസ്ഥാനും അനുഗ്രഹിക്കപ്പെടുമെന്നും അസിം മുനീർ പറഞ്ഞു.
















