വെയില്‍കൊണ്ടു
വാടിത്തളര്‍ന്ന മുറ്റത്തു
ഒരു മരത്തിന്റെ നിഴല്‍
വഴിതെറ്റി വന്നു.
അടുക്കള ജനാലയുടെ
പാതിയടഞ്ഞ വിടവിലൂടെ
നിഴല്‍ച്ചില്ലകള്‍
കുടിവെള്ളക്കലത്തിലേക്ക്
ഊര്‍ന്നിറങ്ങി.
സന്ധ്യയ്‌ക്ക്
വെയില്‍ മങ്ങിയിട്ടും
അടുക്കളയില്‍
കുടിവെള്ളക്കലത്തില്‍
നിഴലനക്കം തുടര്‍ന്നു.
അനക്കം കേട്ടവള്‍
കുടിവെള്ളക്കലം തുറന്നപ്പോള്‍
ഒരുപറ്റം കിളിയൊച്ചകള്‍
അവളുടെ കാതില്‍
രാവണഞ്ഞു.
പിറ്റേന്ന്
വെയിലേറ്റു തുടുത്ത മുറ്റത്തു
നിഴല്‍ചില്ലയില്‍
അവള്‍ പൂത്തു നിന്നു.
അതിലൊരായിരം കിളിക്കൂടുകളും
മുളച്ചുവന്നു.
അടുക്കള ജനാലയും
മലര്‍ക്കെ തുറന്നിരുന്നു.
















