കോട്ടയം:കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയില്‍ വന്‍ മോഷണം.വയോധികയും മകളും താമസിക്കുന്ന വീട്ടില്‍നിന്ന് 50 പവനും പണവും കവര്‍ന്നു.അമ്പുങ്കയത്ത് വീട്ടില്‍ അന്നമ്മ തോമസ് (84), മകള്‍ സ്‌നേഹ ഫിലിപ്പ് (54) എന്നിവര്‍ താമസിക്കുന്ന വില്ലയിലാണ് കവര്‍ച്ച.
സ്‌നേഹയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ ആശുപത്രിയില്‍ പോയ വേളയില്‍ വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷണം.കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
ശാരീരിക ബുദ്ധിമുട്ടുള്ള അന്നമ്മ തോമസിന് വെള്ളിയാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചെ ആറോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
മുന്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്ന കളളന്‍ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. കഴിഞ്ഞ രാത്രി രണ്ടിനും പുലര്‍ച്ചെ ആറിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം.
















