കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുമായി സാങ്കേതിക സഹകരണത്തോടെ കേരള സര്‍ക്കാര്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരള (ഐഎഫ്ടികെ)യില്‍ നിയമിച്ചിരിക്കുന്നതില്‍ യോഗ്യതയില്ലാത്ത അദ്ധ്യാപകരുമെന്ന് ആക്ഷേപം. ആഗോളതലത്തില്‍ ഫാഷന്‍ ബിസിനസില്‍ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിന് പ്രൊഫഷണലുകളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് 2010ല്‍ സ്ഥാപിച്ചത്.
വെള്ളിമണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിസ്ഥാന യോഗ്യതയില്ലാത്ത അദ്ധ്യാപകരെ നിയമിക്കുന്നതായി നേരത്തെ മുതല്‍തന്നെ പരാതി ഉയര്‍ന്നതാണ്. എഐസിടിഇ (ആള്‍ ഇന്‍ഡ്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍) മാനദണ്ഡ പ്രകാരം ഫാഷന്‍ ടെക്നോളജിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമാണ് പിഎച്ച്ഡിക്ക് അപേക്ഷിക്കാന്‍ ഒരു വ്യക്തിക്ക് വേണ്ടുന്ന മാനദണ്ഡം. എന്നാല്‍ ഇവിടെ 10 വര്‍ഷമായി ബിരുദയോഗ്യതയില്ലാത്ത ചില അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതായി ആക്ഷേപമുണ്ട്. ഇവര്‍ക്ക് അടിസ്ഥാന യോഗ്യതയില്ലാതെ പിഎച്ച്ഡിക്ക് അപ്രൂവല്‍ കിട്ടുകയായിരുന്നു. ബിഎ ഇംഗ്ലീഷ് പോലുള്ള കോഴ്‌സുകളിലാണ് ഇവര്‍ക്ക് ബിരുദമുള്ളത്.
അതേസമയം ചിലര്‍ ഫാഷന്‍ ടെക്നോളജിയില്‍ (എംഎസ്സി) ബിരുദാനന്തര ബിരുദം എടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ആര്‍ട്സ് വിഷയങ്ങളില്‍ ബിരുദം നേടുന്നവര്‍ ബിരുദാനന്തര ബിരുദം ചെയ്ത് ഫാഷന്‍ ഡിസൈന്‍ പിഎച്ച്ഡി ചെയ്യുന്നത് എഐസിടിഇ നിബന്ധനകള്‍ക്ക് വിരുദ്ധമാണ്. അതേസമയം താല്ക്കാലിക ആശ്വാസമെന്നോണം അനുബന്ധവിഷയത്തില്‍ ഇവരില്‍ പലരും പിന്നീട് ബിരുദമെടുത്തെങ്കിലും മാനദണ്ഡങ്ങള്‍ അനുസരിച്ച് പഴയ ബിരുദാനന്തരബിരുദം അസാധുവാകും. വീണ്ടും വിഷയത്തില്‍ ബിരുദാനന്തരബിരുദം സ്വീകരിക്കേണ്ടിയും വരും. കോഴ്സിന് പകരം സര്‍വകലാശാലയില്‍ നിന്ന് ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയാല്‍ ജോലിക്ക് കയറാമെന്നിരിക്കെ അത് സമര്‍പ്പിക്കാന്‍പോലും ഈ അദ്ധ്യാപകര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോളജിലെ മറ്റ് അദ്ധ്യാപകര്‍ ആരോപിക്കുന്നു. ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പരാതിപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് അദ്ധ്യാപകര്‍ വെട്ടിക്കുറയ്‌ക്കുന്നതായും മുന്നേറ്റം തടയുന്നതായും മാനസികമായി തളര്‍ത്തുന്നതായുമാണ് ആരോപണം. ഇതിനെ തുടര്‍ന്ന് പിടിഎ യോഗങ്ങള്‍ കൂടുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും ഭരണകക്ഷിയിലുള്ള സ്വാധീനം ഉപയോഗിച്ച് ഇവര്‍ ജോലിയില്‍ തുടരുകയാണെന്ന് അദ്ധ്യാപകര്‍ പറയുന്നു.
ബിരുദപഠനം നാല് വര്‍ഷമാക്കിയെന്നുള്ളത് വസ്തുതയായിരിക്കെ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിത്. ഐഎഫ്ടികെയില്‍ ഒരു ക്ലാസില്‍ 60 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. എന്നാല്‍ യോഗ്യതയില്ലാത്തവര്‍ പഠിപ്പിക്കുന്നത് കാരണമുള്ള നിലവാരതകര്‍ച്ച ബോധ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സ്ഥാപനം വിടുന്നതായാണ് സൂചന.













