ന്യൂദൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ ദൽഹി സർവ്വകലാശാലയിൽ ജൂലൈ 21 ന് ആരംഭിച്ച അനിശ്ചിതകാല സമരം ചൊവ്വാഴ്ച അവസാനിച്ചു. എബിവിപിയുടെ നാല് സുപ്രധാന ആവശ്യങ്ങൾ ദൽഹി സർവ്വകലാശാല ഭരണസമിതി അംഗീകരിച്ചതിനെ തുടർന്നാണ് സംഘടന സമരം അവസാനിപ്പിച്ചത്.
സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 16 ദിവസമായി എബിവിപി ശക്തമായ സമരമാണ് നടത്തിയത്. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി എബിവിപി പ്രതിനിധികൾ തിങ്കളാഴ്ച നിരാഹാര സമരം ആരംഭിച്ചിരുന്നു.
ഇതിനേ തുടർന്ന് സർവ്വകലാശാലയിൽ ഭരണസമിതി ക്കെതിരെ രോഷം വലിയ രീതിയിൽ വർദ്ധിക്കുന്ന സാഹചര്യവും ഉടലെടുത്തു. എബിവിപിയുടെ പ്രതിഷേധത്തിന്റെ തീവ്രത മനസ്സിലാക്കിയ ഭരണസമിതി ഒടുവിൽ ചൊവ്വാഴ്ച വൈകിട്ട് ആണ് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചത്.
ഭരണസമിതിയുടെ പ്രതിനിധികൾ നേരിട്ട് സമരപ്പന്തലിൽ എത്തിയാണ് വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം എന്ന് ഉറപ്പ് നൽകിയത്. കേന്ദ്രീകൃത ഹോസ്റ്റൽ പ്രവേശന സംവിധാനം നടപ്പിലാക്കുക ,പിജി കോഴ്സുകൾക്ക് തുല്യമായ ഫീസ് , അനാവശ്യമായുള്ള ഫീസ് വർധനവ് അവസാനിപ്പിക്കുക, കോളേജുകളിലെ ICC (Internal complaint committee) പ്രവർത്തനക്ഷമമാക്കുക എന്നീ ആവശ്യങ്ങളാണ് ഭരണസമിതി അംഗീകരീച്ചത്.
വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി തങ്ങൾ എന്നും നിലകൊള്ളുമെന്ന് എബിവിപി നേതൃത്വം നൽകുന്ന ദൽഹി സർവ്വകലാശാല യൂണിയൻ വൈസ് പ്രസിഡൻ്റ് ഭാനു പ്രതാപ് സിംഗ് പറഞ്ഞു. ദൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് താങ്ങായും തണലായും നിൽക്കുന്ന ഒരേ ഒരു പ്രസ്ഥാനം അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്താണ് എന്ന് ദൽഹി സർവ്വകലാശാല യൂണിയൻ സെക്രട്ടറി മിത്രവിന്ദ കരൺവാൾ പറഞ്ഞു.
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന് ഇന്ന് ഐതിഹാസികമായ വിജയമാണ് നേടാൻ സാധിച്ചത് എന്ന് എബിവിപി ദൽഹി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ പറഞ്ഞു. എബിവിപി യുടെ പോരാട്ട വീര്യത്തിന് മുന്നിൽ സർവ്വകലാശാല ഭരണസമിതി അടിയറവ് പറഞ്ഞിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ഭരണസമിതി വിമുഖത കാട്ടുന്ന സമീപനം സ്വീകരിച്ചാൽ എബിവിപി ഇനിയും സമര രംഗത്തേക്ക് ഇറങ്ങും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
















