വാഷിംഗ്ടൺ: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടിയുടെ അനുയായികൾ വാഷിംഗ്ടൺ ഡിസിയിലെ പാകിസ്ഥാൻ എംബസിക്ക് പുറത്ത് പ്രതിഷേധിച്ചു. പ്രകടനത്തിനിടെ ഇമ്രാൻ അനുയായികൾ അദ്ദേഹത്തിന്റെ മോചനത്തിനായി മുദ്രാവാക്യങ്ങൾ വിളിക്കുകയും പാകിസ്ഥാൻ സൈന്യത്തെ ലക്ഷ്യം വയ്‌ക്കുകയും ചെയ്തു.
പ്രതിഷേധത്തിനിടെ എഎൻഐയോട് സംസാരിക്കവെ പാകിസ്ഥാൻ രാഷ്‌ട്രീയത്തിലെ അസ്ഥിരതയുടെ മൂലകാരണം സൈന്യമാണെന്നും കരസേനാ മേധാവി അസിം മുനീറിന്റെ പങ്കിനെക്കുറിച്ചും പിടിഐ അനുഭാവി ഫറാസ് അലി ഖാൻ പറഞ്ഞു. പാകിസ്ഥാൻ സൈന്യം രാഷ്‌ട്രീയ കാര്യങ്ങളിൽ നിരന്തരം ഇടപെടുന്നു. ഈ സൈന്യമാണ് പ്രശ്നം. രാഷ്‌ട്രീയ പ്രക്രിയയ്‌ക്ക് സൈന്യവും അസിം മുനീറും എപ്പോഴും തടസം നിൽക്കുകയാണെന്നും ഫറാസ് അലി ഖാൻ കൂട്ടിച്ചേർത്തു.
അതേസമയം മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടി ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ റാലികൾ നടത്തി. തെരുവിലിറങ്ങിയ 500-ലധികം പ്രവർത്തകരെയും പിന്തുണക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരായിരുന്നു.
അഴിമതി കേസിൽ കോടതി ശിക്ഷിച്ചതിനെത്തുടർന്ന് 2023 ഓഗസ്റ്റ് 5 ന് ലാഹോറിലെ വസതിയിൽ നിന്നാണ് 72 വയസ്സുള്ള ഖാൻ അറസ്റ്റിലായത്. അറസ്റ്റിലായതിനുശേഷം മറ്റ് കേസുകളിൽ ശിക്ഷിക്കപ്പെട്ടതിന് റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്.
















