ന്യൂദല്‍ഹി: ‘വീട് സുരക്ഷിത’മാക്കി, രാജ്യത്തെ ശൗര്യവും വീര്യവുമുള്ളതാക്കി, ജനഹൃദയങ്ങളിലേക്കും ചരിത്രത്തിലേക്കും അമിത് ഷാ നടന്നുകയറുന്നു. ഏറ്റവും കൂടുതല്‍ കാലം ഭാരതത്തിന്റെ ആഭ്യന്തര വകുപ്പു മന്ത്രിയായി അമിത് ഷാ അറിയപ്പെടും. ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് 2258 ദിവസം, അതായത് ആറു വര്‍ഷവും 68 ദിവസവുമായി അമിത് ഷായാണ്.
ബിജെപി നേതൃത്വത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായ എന്‍ഡിഎ ഭരണ കാലത്ത് ലാല്‍ കൃഷ്ണ അദ്വാനി സൃഷ്ടിച്ച ചരിത്രം പുതുക്കുകയാണ് ഇപ്പോള്‍ അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാംവട്ട ഭരണത്തില്‍, 2019 മേയ് 30നാണ് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. ആദ്യ മോദി മന്ത്രിസഭയില്‍ രാജ്‌നാഥ് സിങ്ങായിരുന്നു ആഭ്യന്തര മന്ത്രി (5 വര്‍ഷം 3 ദിവസം).
എല്‍.കെ. അദ്വാനി 2256 ദിവസം ആഭ്യന്തര മന്ത്രിയായിരുന്നു. 1998 മാര്‍ച്ച് 19 മുതല്‍ 2004 മേയ് 22 വരെ. അദ്ദേഹം കോണ്‍ഗ്രസ് നേതാവായിരുന്ന ഗോവിന്ദ് വല്ലഭ് പാന്തിന്റെ ഭരണകാല ചരിത്രമാണ് തിരുത്തിയത്. പാന്ത്, ആറു വര്‍ഷവും 56 ദിവസവും ആഭ്യന്തര മന്ത്രി സ്ഥാനത്തു തുടര്‍ന്നു. 1955 ജനുവരി 10 മുതല്‍ 1961 മാര്‍ച്ച് ഏഴു വരെയായിരുന്നു വല്ലഭ് പാന്ത് ആഭ്യന്തരം ഭരിച്ചത്. രാജ്യത്തെ ആദ്യത്തെ ആഭ്യന്തര മന്ത്രി, ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ മൂന്നു വര്‍ഷവും 119 ദിവസവുമാണ് ആഭ്യന്തര മന്ത്രിയായിരുന്നത്; 1947 ആഗസ്ത് 15 മുതല്‍ 1950 ഡിസംബര്‍ 12 വരെ.
ഏറെ നിര്‍ണായകമായ രാഷ്‌ട്രീയ, സാമൂഹ്യ, ഭരണ സാഹചര്യങ്ങളിലൂടെ കടന്നാണ് അമിത് ഷാ ഈ നേട്ടം കൈവരിക്കുന്നത്. ഭീകര പ്രവര്‍ത്തനം, ഇടതുപക്ഷ തീവ്രവാദം, ആഭ്യന്തര, രാഷ്‌ട്രീയ പ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് അറുതി വരുത്തി, അനേക കാലമായി തുടര്‍ന്നുവന്ന സാമൂഹ്യ അനീതികള്‍, ഭരണ-രാഷ്‌ട്രീയ പിടിപ്പുകേടുകള്‍ എന്നിവ അവസാനിപ്പിച്ചാണ് ഈ കാലം വകുപ്പു ഭരിച്ചത്. നീതി, നിയമ മേഖലയിലെ അതിവിപ്ലവകരമായ നടപടികള്‍, നയരൂപീകരണങ്ങള്‍ രാജ്യത്തിന്റെ ചരിത്രമായിക്കഴിഞ്ഞു. ഭാരത പ്രധാനമന്ത്രി പദത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടരുന്ന രണ്ടാമത്തെയാളായി നരേന്ദ്ര മോദി നേടിയ ചരിത്ര സ്ഥാനത്തിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മന്ത്രി സഭയിലെ രണ്ടാമന്റെ ഈ ഒന്നാം സ്ഥാന ലബ്ധി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷായെ ഈ ചരിത്ര നേട്ടത്തില്‍ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം ഏറെ പ്രശംസാവഹ നേട്ടങ്ങള്‍ നിറഞ്ഞതാണെന്ന് മോദി പറഞ്ഞു.
















