വിഴിഞ്ഞം: പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം കാത്തുകിടന്ന വിഴിഞ്ഞം പ്ലാസ്റ്റിക് മാലിന്യസംസ്‌കരണ കേന്ദ്രം ഒടുവില്‍ തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. പ്ലാന്റ് തുറക്കുന്നതിന് വേണ്ട മൂന്ന് യന്ത്രങ്ങളില്‍ രണ്ടെണ്ണം കേന്ദ്രത്തില്‍ സ്ഥാപിച്ചു. എന്നാല്‍ അടിയന്തിരമായി സ്ഥാപിക്കാനുള്ള യന്ത്രമാണ്എത്താനുള്ളത്. സാങ്കേതിക സംവിധാനം പൂര്‍ത്തിയാകുന്നതോടെ യന്ത്രം എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്ലാസ്റ്റിക് തരംതിരിക്കുന്നതിനും, കെട്ടുകളാക്കാനും, പൊടിയാക്കുന്നതിനും വേണ്ടിയുള്ള യന്ത്രങ്ങളാണ് ഇവിടെ വേണ്ടത്. പൊടിക്കുന്നതിനുള്ള യന്ത്രമാണ് ഇനി സ്ഥാപിക്കാനുള്ളത്. യഥാസമയം ഫണ്ട് ലഭിക്കാത്തതിനാലാണ് ഉപകരണങ്ങള്‍ വാങ്ങാന്‍ വൈകിയതെന്നാണ് വിവരം. ദിവസവും ഒരുടണ്‍ പ്ലാസ്റ്റിക് പൊടിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്ലാന്റിന്റെ നിര്‍മ്മാണം. നഗരസഭയ്‌ക്ക് മികച്ച വരുമാനം ലഭിക്കുന്നതിനൊപ്പം പ്രദേശവാസികളായ നിരവധിപേര്‍ക്ക് തൊഴിലും ലഭിക്കും.
നഗരസഭയില്‍ വരുന്ന അഞ്ച് വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പ്ലാന്റിലെത്തിച്ച് സംസ്‌കരിച്ച് പുനരുപയോ ഗിക്കുന്നതാണ് പദ്ധതി. പ്ലാസ്റ്റിക് ശേഖരണത്തിന്റെ ചുമതല ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കും പ്ലാന്റിന്റെ നടത്തിപ്പ് ചുമതലെ ക്ലീന്‍ കേരള മിഷനാണ് വഹിക്കുന്നത്. ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ്, വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് നഗരസഭയ്‌ക്ക് നല്‍കിയ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. നിലവില്‍ 3500 ചതുരശ്ര അടിയുള്ള കെട്ടിടമാണ് പദ്ധതിക്ക് നിര്‍മ്മിച്ചത്. കെട്ടിട നിര്‍മ്മാണത്തിന് 70 ലക്ഷവും പ്ലാന്റ് സ്ഥാപിക്കാന്‍ 20 ലക്ഷവും ചെലവഴിച്ചു. ഈ തുക അദാനി തുറമുഖ കമ്പിനിയും വിസില്‍ കമ്പിനിയും ചേര്‍ന്ന് 45 ലക്ഷം രൂപവീതം നല്‍കും.











