പത്തനംതിട്ട: വനം, വന്യജീവി വകുപ്പില്‍, വകുപ്പുതല പരീക്ഷകളും പരിശീലനവും ഉള്‍പ്പെടെ യോഗ്യത പൂര്‍ത്തിയാക്കാത്ത 1,404 ജീവനക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉദ്യോഗക്കയറ്റം നല്‍കി സര്‍ക്കാര്‍ അസാധാരണ ഉത്തരവിറക്കി.
പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഇവരുടെ സ്ഥാനക്കയറ്റം ക്രമപ്പെടുത്തുന്നു എന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്. സ്‌പെഷ്യല്‍ റൂള്‍ നടപ്പാക്കിയ 2010 മുതല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് വരുന്ന 2023 വരെ 1,476 പേര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായി പ്രമോഷന്‍ നേടിയിട്ടുണ്ട്. ഇതില്‍ 72 പേര്‍ മാത്രമാണ് നിയമാനുസൃത നിബന്ധനപ്രകാരം പരീക്ഷ പാസായതായി ഉത്തരവില്‍ പറയുന്നത്
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ നിന്ന് പ്രമോഷന്‍ ലഭിക്കുന്ന സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ വകുപ്പുതല പരീക്ഷകളും നിര്‍ബന്ധിത പരിശീലനവും നേടിയിരിക്കണമെന്ന് കെഎടി (കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍) ഉത്തരവുള്ളതാണ്. ഇത് ഹൈക്കോടതിയും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഫോറസ്റ്റ് വിശേഷാല്‍ ചട്ടം നിലവില്‍ വന്ന് 15 വര്‍ഷത്തിനുശേഷം അനധികൃത പ്രമോഷനുകള്‍ ക്രമപ്പെടുത്തുന്നതിനായി റൂള്‍ 39 കൂട്ടുപിടിച്ചാണ് വിചിത്ര ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നതില്‍ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു തന്നെ ശക്തമായ വിയോജിപ്പുണ്ട്. ഇതു സംബന്ധിച്ച ഗസറ്റ് ഉത്തരവ് വനം വകുപ്പില്‍ വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. അനധികൃത പ്രമോഷനിലൂടെ ഉയര്‍ന്ന തസ്തികയില്‍ എത്തുന്നവര്‍ക്കായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ 350 കോടി രൂപയോളമാണ് സര്‍ക്കാരിന് അധികച്ചെലവു വരുന്നത്.












