കണ്ണൂര്‍: ബിജെപി സംസ്ഥാന ഉപാധ്യക്ഷനും എംപിയുമായ സി. സദാനന്ദന്‍ മാസ്റ്ററെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണക്കോടതിയും ഹൈക്കോടതിയും കുറ്റക്കാരെന്നു കണ്ടെത്തിയ സിപിഎമ്മുകാരായ എട്ടു പ്രതികളും ഇന്നലെ ഉച്ചയോടെ തലശ്ശേരി കോടതിയില്‍ കീഴടങ്ങി.
അതേ സമയം, കോടതിയില്‍ കീഴടങ്ങുന്നതിനു മുന്നോടിയായി ഇന്നലെ രാവിലെ സിപിഎം പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പ്രതികള്‍ക്കു യാത്രയയപ്പു നല്കി. യാത്രയയപ്പിനു സ്ഥലം എംഎല്‍എ കൂടിയായ മുന്‍മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജയും പങ്കെടുത്തു. കോടതി പരിസരത്തു മുദ്രാവാക്യങ്ങളുമായി സിപിഎം പ്രവര്‍ത്തകരും നേതാക്കളും നിലയുറപ്പിച്ചു. വൈകുന്നേരത്തോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചപ്പോഴും നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യങ്ങളുമായി സ്ഥലത്ത് തമ്പടിച്ചു. പരസ്യമായി ജുഡീഷ്യറിയെ വെല്ലുവിളിച്ചുള്ള എംഎല്‍എയുടെ നേതൃത്വത്തിലെ യാത്രയയപ്പും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോടതി, ജയില്‍, പരിസരങ്ങളില്‍ അഭിവാദ്യമര്‍പ്പിച്ചുള്ള മുദ്രാവാക്യം വിളികളും വിവാദത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
സിപിഎമ്മിന്റെ ജില്ലയിലെയും മട്ടന്നൂര്‍ മേഖലയിലെയും പ്രധാന നേതാക്കളായ കെ. ശ്രീധരന്‍, മാതമംഗലം നാണു, പി.എം. രാജന്‍, പി. കൃഷ്ണന്‍ മാസ്റ്റര്‍, ഇ. രവീന്ദ്രന്‍ മാസ്റ്റര്‍, പി. സുരേഷ്ബാബു, എം. രാമചന്ദ്രന്‍, കെ. ബാലകൃഷ്ണന്‍ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവച്ചത്. ഇവരാണ് ഇന്നലെ കീഴടങ്ങിയത്.
എട്ടു പ്രതികള്‍ക്കും കീഴ്‌കോടതി നല്കിയ ശിക്ഷ കഴിഞ്ഞ ജനുവരി 29ന് ഹൈക്കോടതി ശരിവച്ചിരുന്നു. അതിനുശേഷമാണ് ഇന്നലെ കോടതിയില്‍ പ്രതികള്‍ കീഴടങ്ങിയത്. കൃത്യം നടന്ന് 31 വര്‍ഷത്തിനുശേഷമാണ് വിധി. ഏഴു വര്‍ഷം കഠിന തടവും 50,000 രൂപ വീതം പിഴയുമാണ് ജസ്റ്റിസ് സി.എസ്. സുധ വിധിച്ചത്. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ ഏഴു വര്‍ഷം തടവ് കുറഞ്ഞുപോയെന്നു കോടതി പരാമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ അപ്പീലിന് പോകാതിരുന്നത് പരാമര്‍ശിച്ച ഹൈക്കോടതി, കാരണങ്ങള്‍ സര്‍ക്കാരിനുതന്നെ അറിയാമെന്നും പറഞ്ഞു. രണ്ടു കാലും ഛേദിക്കപ്പെട്ട സദാനന്ദന്‍ മാഷിനു നഷ്ടപരിഹാരം വര്‍ധിപ്പിക്കേണ്ടത് ഉചിതമെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തേ കീഴ്‌ക്കോടതി 20,000 രൂപയായിരുന്നു പിഴ വിധിച്ചത്. ഇത് 50,000 രൂപയായി ഉയര്‍ത്തി.
















