ന്യൂഡല്‍ഹി: ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരിലൊരാളായ താഹിര്‍ ഹബീബിന്റെ സംസ്‌കാര ചടങ്ങില്‍ ലഷ്‌കര്‍ ഭീകരന്‍ റിസ്വാന്‍ ഹനീഫ് പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ റിസ്വാന്‍ ഹനീഫ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് താഹിറിന്റെ കുടുംബം വിലക്കുകയും ഇതു സംഘര്‍ഷത്തില്‍ കലാശിച്ചെന്നുമാണ് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സ്ഥിരീകരിക്കുന്നതാണ് ഈ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
പ്രാദേശിക ലഷ്‌കര്‍ കമാന്‍ഡറായ റിസ്വാന്‍ ഹനീഫ് ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രമിച്ചതോടെയാണ് ചടങ്ങില്‍ സംഘര്‍മുണ്ടായത്. ലഷ്‌കര്‍ അംഗങ്ങളെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താഹിറിന്റെ കുടുംബം വിലക്കിയിരുന്നു, എന്നാല്‍ ഹനീഫ് നിര്‍ബന്ധം പിടിക്കുകയും ഇത് ഒരു ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.
പാക് അധീന കശ്മീരിലെ ഖായ് ഗാല സ്വദേശിയാണ് താഹിർ. ഇയാൾ മുൻ പാക് സൈനികനാണ്. ഇന്നലെ രാത്രി വളരെ വൈകിയാണ് സംസ്കാരം നടന്നത്. തീവ്രവാദത്തോട് സന്ധിയില്ലെന്ന് പ്രഖ്യാപിച്ചാണ് തടഞ്ഞത്. തുടർന്ന് ഭീകരനൊപ്പം ഉണ്ടായിരുന്നവർ നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടിയതായും റിപ്പോർട്ടുണ്ട്.
ലഷ്‌കര്‍-ഇ-ത്വയ്ബയുമായുള്ള ബന്ധവും പഹല്‍ഗാം ആക്രമണത്തിലെ പങ്കും താഹിറിനെ പിടികിട്ടാപ്പുള്ളിയായ ‘എ’ കാറ്റഗറി ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച ശ്രീനഗറില്‍ നടന്ന ഓപ്പറേഷന്‍ മഹാദേവിലൂടെയാണ് മറ്റ് രണ്ട് പേര്‍ക്കൊപ്പം ഇയാള്‍ കൊല്ലപ്പെട്ടത്. തീവ്രവാദവല്‍ക്കരണത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്നവരാണ് ഖായ് ഗാലയിലെ നിവാസികള്‍. ഭീകരവാദ റിക്രൂട്ട്‌മെന്റിനെ എതിര്‍ക്കുന്നതിനായി ഒരു പൊതു ബഹിഷ്‌കരണത്തിന് പദ്ധതിയിടുകയാണ് ഇവിടെയുള്ളവര്‍.
ഭീകര പ്രവർത്തനങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനെതിരെ ഗ്രാമീണർ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പാക് സൈന്യത്തിന്റെ പിൻബലത്തോടെ നടക്കുന്ന ഭീകര പ്രവർത്തനങ്ങൾക്കെതിരെ ഗ്രാമീണർ ശബ്ദമുയർത്തുന്നു എന്നാണ് പാക് അധീന കശ്മീരിൽ നിന്ന് വരുന്ന റിപ്പോർട്ട്.












