കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ നവാസ് അഭിനയിച്ചുകൊണ്ടിരുന്ന പ്രകമ്പനം സിനിമയുടെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് അദ്ദേഹത്തിനൊപ്പം അഭിനയിച്ച പി.പി. കുഞ്ഞികൃഷ്ണന്‍. പ്രിയപ്പെട്ട നവാസിനൊപ്പം അവസാന ദിവസം പ്രകമ്പനം ലൊക്കേഷനില്‍ നിന്നെന്ന ക്യാപ്ഷനോടെയാണ് ഫെയ്‌സ്ബുക്കില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് ഇതിന് താഴെ സങ്കടം പങ്കുവെച്ച് കുറിപ്പുകള്‍ എഴുതിയിരിക്കുന്നത്.
ഏറെ സൗമ്യനായ വ്യക്തിയാണ് നവാസെന്ന് കുഞ്ഞികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ 25നാണ് സിനിയില്‍ ജോയിന്‍ ചെയ്തത്. ചിത്രീകരണത്തിനിടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി ആരോടും പറഞ്ഞിരുന്നില്ല. വളരെ കൂളായിരുന്നുവെന്നും കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു. കുറെക്കാലം സിനിമയില്‍ സജീവമല്ലാതെ ഇപ്പോള്‍ തിരിച്ചുവരുന്ന സമയമായിരുന്നു. വെള്ളിയാഴ്ച വീട്ടിലേയും സിനിമയിലേയും വിശേഷങ്ങള്‍ സംസാരിച്ചിരുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല- കുഞ്ഞികൃഷ്ണന്‍ പറയുന്നു.
രണ്ടു ദിവസം ഷൂട്ടിങ് ഇല്ലാത്തതിനാല്‍ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ് വെള്ളിയാഴ്ച വൈകിട്ട് ആണ് ചോറ്റാനിക്കരയിലെ വൃന്ദാവന്‍ റസിഡന്‍സിയിലേക്ക് പോയത്. 4ന് മടങ്ങിയെത്താമെന്ന് അറിയിച്ചിരുന്നു. എട്ടുമണിയോടെ ചെക്കൗട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ അറിയിച്ചിരുന്നു. 8.30 കഴിഞ്ഞും കാണാതായതോടെ റൂം ബോയി തിരക്കിയെത്തിയപ്പോഴാണ് നിലത്ത് മരിച്ച നിലയില്‍ നവാസിനെ കണ്ടത്.















