ന്യൂദല്‍ഹി: ആദ്യമായി ഡൊണാള്‍ഡ് ട്രംപിനെ പരസ്യമായി വെല്ലുവിളിച്ച് മോദി.അമേരിക്ക ആദ്യം എന്നതാണ് ട്രംപിനെ നയമെങ്കില്‍ ഇന്ത്യ ആദ്യം എന്നതായിരിക്കും ബിജെപി സര്‍ക്കാരിന്റെ നയമെന്ന് മോദി വ്യക്തമാക്കി.
“അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തില്‍ ഇന്ത്യ കണ്ണടയ്‌ക്കുന്ന പ്രശ്നമുദിക്കുന്നില്ല. വ്യാപാരത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ ആദ്യം നിര്‍ത്തുന്ന നയം ഇന്ത്യ പിന്തുടരും”- മോദി പറഞ്ഞു. ഇന്ത്യയുടെ വ്യാപാരം സംരക്ഷിക്കാന്‍ എതറ്റം വരെയും പോകുമെന്നും മോദി പറഞ്ഞു. വാരണാസിയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു മോദി.
ഇന്ത്യയുടെ സമ്പദ്ഘടന റഷ്യയുടേതുപോലെ മരിച്ചുകഴിഞ്ഞു എന്ന ട്രംപിന്റെ ആരോപണത്തിനും മോദി പരോക്ഷമായി മറുപടി കൊടുത്തു. “ആഗോള സമ്പദ്ഘടന വലിയ അസ്വസ്ഥതകളിലൂടെ കടന്നുപോവുകയാണ്. ഇന്ത്യയ്‌ക്കാരുടെ മുഴുവന്‍ താല്‍പര്യം സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ മൂന്നാമത്തെ സമ്പദ്ഘടനയാവുക എന്നതാണ് മുഖ്യം. “- മോദി പറഞ്ഞു.
















