ന്യൂദൽഹി : യുഎസ് വൈറ്റ് ഹൗസിൽ ഇരിക്കുന്ന ഒരു കോമാളിയുടെ ഭീഷണി ഇന്ത്യൻ സർക്കാർ നേരിടുന്നത് വളരെ ദുഃഖകരമാണെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) മേധാവിയും ലോക്‌സഭാ എംപിയുമായ അസദുദ്ദീൻ ഒവൈസി.ഇന്ത്യയ്‌ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായാണ് ഒവൈസി പ്രതികരിച്ചത് .
ട്രംപിന്റെ ഈ പ്രഖ്യാപനം ഇന്ത്യയുടെ പരമാധികാരത്തിനും സാമ്പത്തിക അവസ്ഥയ്‌ക്കും നേരെയുള്ള വ്യക്തവും ആസൂത്രിതവുമായ ആക്രമണമാണെന്ന് ഒവൈസി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിശേഷിപ്പിച്ചു. “ഇന്ത്യയ്‌ക്കെതിരായ വർദ്ധിച്ചുവരുന്ന വ്യാപാര ശത്രുതയുടെ വിഷയം പാർലമെന്റിൽ വർഷങ്ങളായി ഞാൻ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ് . എന്റെ രാജ്യത്തെ സർക്കാർ വൈറ്റ് ഹൗസിൽ ഇരിക്കുന്ന ഒരു കോമാളിയുടെ ഭീഷണി നേരിടുന്നത് വളരെ സങ്കടകരമാണ് . റഷ്യയുമായി ബിസിനസ്സ് നടത്തുന്നതിന് അമേരിക്കയുടെ ഈ താരിഫ് അവ്യക്തമായ പിഴ ചുമത്തും. ഇന്ത്യ ഒരു സ്വതന്ത്രവും പരമാധികാരമുള്ളതുമായ രാജ്യമാണ്, ഒരു രാജാവിനെയും വന്ദിക്കുന്ന അടിമ രാജ്യമല്ല ‘ അദ്ദേഹം പറഞ്ഞു.
റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങൾ, എണ്ണ, വാതകം എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്‌ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒവൈസിയുടെ ഈ പ്രതികരണം.
















