ധര്‍മ്മേന്ദ്ര പ്രധാന്‍
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
2020 ല്‍ ഭാരതം ഒരു നയം പുറത്തിറക്കുക എന്നതിലുപരി, ഒരു പുരാതന ആദര്‍ശത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്തത്. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ, ഭാവിയുടെ സാധ്യതകളെ രൂപപ്പെടുത്തുന്നതിനായി നമ്മുടെ നാഗരിക ജ്ഞാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, രാഷ്‌ട്രനിര്‍മാണത്തിന്റെ ഹൃദയഭാഗത്ത് പഠനം വീണ്ടും സ്ഥാനം പിടിച്ചു. രാഷ്‌ട്ര ചരിത്രത്തിലെ പങ്കാളിത്തപരമായ നയരൂപീകരണ പ്രക്രിയകളില്‍ ഒന്നിലൂടെ രൂപപ്പെടുത്തുകയും ഡോ. കെ. കസ്തൂരിരംഗന്റെ ദീര്‍ഘവീക്ഷണത്താല്‍ നയിക്കപ്പെടുകയും ചെയ്ത ദേശീയ വിദ്യാഭ്യാസ നയം 2020 വെറുമൊരു നയരേഖ മാത്രമായിരുന്നില്ല. സാംസ്‌കാരിക മൂല്യങ്ങളില്‍ വേരൂന്നിയ ദര്‍ശനാത്മക രൂപരേഖയായിരുന്നു. മനഃപാഠമാക്കല്‍, കര്‍ക്കശമായ ഘടനകള്‍, ഭാഷാ ശ്രേണികള്‍ എന്നിവയുടെ പരിധികളില്‍ നിന്ന് മുക്തമായ ഒരു പ്രക്രിയയായി പഠനത്തെ അത് പുനര്‍വിചിന്തനം ചെയ്തു. സമഗ്രവും, ഉള്‍ക്കൊള്ളുന്നതും, ഭാവിക്ക് സജ്ജവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിന് അത് വേദിയൊരുക്കി, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഓരോ പഠിതാവിനെയും അഭിവൃദ്ധി പ്രാപിക്കാന്‍ പ്രാപ്തനാക്കുന്നതായിരുന്നു ഈ വിദ്യാഭ്യാസം.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം, എന്‍ഇപിയുടെ പരിവര്‍ത്തനാത്മക സ്വാധീനം നയരൂപീകരണ ഇടനാഴികളില്‍ മാത്രമല്ല, ക്ലാസ് മുറികളിലും, ക്യാമ്പസുകളിലും, സമൂഹങ്ങളിലും ദൃശ്യമാണ്. സമഗ്രമായ സമീപനം, പഠിതാവിനെ കേന്ദ്രീകരിച്ചുള്ള രൂപകല്‍പ്പന, തുല്യമായ പ്രാപ്യത എന്നിവ ഉള്‍ക്കൊള്ളുന്ന ഇത് ഭാരതത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഘടനയും ആത്മാവും പുനര്‍നിര്‍വചിച്ചു.
ഇന്ന്, പഠനം മനഃപാഠമാക്കുന്നതിന് പകരം കളിയിലൂടെയുള്ള ആനന്ദകരമായ ബാല്യകാല ക്ലാസ് മുറികളില്‍; മാതൃഭാഷയില്‍ ഒഴുക്കോടെ വായിക്കുന്ന കുട്ടികളുള്ള സ്‌കൂളുകളില്‍; ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പ്രായോഗിക കഴിവുകള്‍ പര്യവേക്ഷണം ചെയ്യുന്ന തൊഴിലധിഷ്ഠിത ലാബുകളില്‍; ഭാരതത്തിന്റെ വിജ്ഞാന സംവിധാനങ്ങള്‍ അത്യാധുനിക ശാസ്ത്രവുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന ഗവേഷണ കേന്ദ്രങ്ങളില്‍ എന്‍ഇപിയുടെ മുദ്ര കാണാം. STEM (സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ്) മേഖലകളിലെ സ്ത്രീകളുടെ ഉയര്‍ച്ചയിലും, ഭാരതീയ സ്ഥാപനങ്ങളുടെ വര്‍ധിച്ചുവരുന്ന ആഗോള സാന്നിധ്യത്തിലും, വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന ക്ലാസ് മുറികളിലും, പഠനം ആജീവനാന്ത പരിശ്രമമായിരിക്കണമെന്ന പുതുക്കിയ വിശ്വാസത്തിലും ഇത് പ്രതിഫലിക്കുന്നു.
പഠനത്തിന്റെ അടിത്തറ പുനര്‍നിര്‍മിക്കുക എന്നതാണ് പ്രധാന മുന്‍ഗണന. എന്‍ഇപി 2020 ല്‍ വിഭാവനം ചെയ്ത പോലെ, രണ്ടാം ക്ലാസോടെ എല്ലാ കുട്ടികളും അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രത്തിലെ അറിവും നേടുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ, പഠന ഫലങ്ങളില്‍ ഗണ്യമായ പുരോഗതി കൈവരിക്കുന്നതില്‍ നിപുണ്‍ ഭാരത് മിഷന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അസെര്‍ 2024 ലും പരഖ് രാഷ്‌ട്രീയ സര്‍വേക്ഷന്‍ 2024 ലും പ്രതിഫലിക്കുന്ന നിപുണ്‍ ഭാരതിന്റെ വിജയം, ക്ലാസ് മുറികളെ അനുസരണത്തിന്റെ മാത്രമല്ല, ജിജ്ഞാസയുടെയും ധാരണാശക്തിയുടെയും ഇടങ്ങളാക്കി മാറ്റി. വിദ്യാപ്രവേശ് പോലുള്ള സംരംഭങ്ങളും ബാലവാടികകളുടെ സ്ഥാപനവത്കരണവും രാജ്യത്തുടനീളമുള്ള ആദ്യകാല ബാല്യകാല പരിചരണവും വിദ്യാഭ്യാസവും സംയോജിപ്പിക്കുന്നതിന് ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. ഇതിനെ കൂടുതല്‍ പിന്തുണയ്‌ക്കുന്നത് 22 ഭാരതീയ ഭാഷകളില്‍ പുതിയ തലമുറ പാഠപുസ്തകങ്ങളുടെ വികസനവും ജാദുയി പിടാരയും ഇ-ജാദുയി പിടാരയും അവതരിപ്പിക്കുന്നതുമാണ്. 14 ലക്ഷത്തിലധികം അധ്യാപകര്‍ നിഷ്ഠാ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്, കൂടാതെ ദീക്ഷാ പോലുള്ള പ്ലാറ്റ്ഫോമുകള്‍ രാജ്യവ്യാപകമായി ഉയര്‍ന്ന നിലവാരമുള്ള അധ്യാപന വിഭവങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിച്ചു.
ഭാഷയിലുള്ള നയത്തിന്റെ ശ്രദ്ധയും അതുപോലെ തന്നെ അടിസ്ഥാനപരമാണ്. ഭാഷ ഒരു തടസമല്ല, മറിച്ച് ശാക്തീകരണത്തിനുള്ള ശക്തമായ ഒരു മാധ്യമമാണെന്ന് എന്‍ഇപി
അംഗീകരിച്ചു. 117 ഭാഷാ പ്രൈമറുകള്‍ വികസിപ്പിക്കുകയും ഭാരതീയ ആംഗ്യഭാഷ ഒരു വിഷയമായി അവതരിപ്പിക്കുകയും ചെയ്തതോടെ, ബഹുഭാഷാ, ഏവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസത്തിന്റെ ദര്‍ശനം എന്നിവ വലിയ തോതില്‍ സാക്ഷാത്കരിക്കപ്പെടുന്നു. ഈ ശ്രമങ്ങള്‍ വൈജ്ഞാനിക കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കുട്ടിയുടെ സാംസ്‌കാരിക സ്വത്വത്തെ ശക്തിപ്പെടുത്തും. ഭാരതീയ ഭാഷാ പുസ്തക് യോജന, ഇന്ത്യന്‍ നോളജ് സിസ്റ്റംസ് എന്നിവ പോലുള്ള സംരംഭങ്ങള്‍ ഭാഷാപരവും നാഗരികവുമായ പഠനത്തിലേക്കുള്ള പ്രവേശനം കൂടുതല്‍ ജനാധിപത്യവത്കരിക്കും.
തുടര്‍ന്ന്, വിദ്യാര്‍ത്ഥികളില്‍ ജിജ്ഞാസയും വിമര്‍ശനാത്മക ചിന്തയും ഉണര്‍ത്തുന്നതിനായി എന്‍ഇപി പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പുനര്‍വിചിന്തനം ചെയ്തു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും 1-8 ക്ലാസുകള്‍ക്കുള്ള പുതിയ പാഠപുസ്തകങ്ങളും ഇതിനകം തന്നെ നിലവിലുണ്ട്. ഇത് വിവിധ വിഷയങ്ങളില്‍ കഴിവ് അടിസ്ഥാനമാക്കിയുള്ള പഠനവും സംയോജനവും പ്രോത്സാഹിപ്പിക്കുന്നു. പ്രേരണ പോലുള്ള പാഠ്യപദ്ധതി പരിവര്‍ത്തനത്തിനും അനുഭവപരമായ പഠന സംരംഭങ്ങള്‍ക്കുമുള്ള ബ്രിഡ്ജ് പ്രോഗ്രാമുകള്‍ വിദ്യാര്‍ത്ഥികളെ പരിഭ്രാന്തരാക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു, മറിച്ച് ഓരോ ഘട്ടത്തിലും പിന്തുണയ്‌ക്കുന്നു.
സമഗ്ര ശിക്ഷ, പിഎം പോഷണ്‍ തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഊര്‍ജ്ജസ്വലമായ പരിശ്രമത്തിലൂടെ, ഭാരതം സാര്‍വത്രികമായ പ്രവേശനം നേടിയിട്ടുണ്ട്, പ്രാഥമിക തലത്തില്‍ മൊത്തം പ്രവേശന അനുപാതം 91.7% ഉം സെക്കന്‍ഡറി തലത്തില്‍ സ്ഥിരമായ നേട്ടങ്ങളും കൈവരിക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലുമുള്ള പഠന ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മുമ്പ് പിന്നാക്കം നിന്നിരുന്ന ജനവിഭാഗങ്ങളിലേക്കും എന്‍ഇപിയുടെ വ്യാപ്തി വ്യാപിച്ചിരിക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 7.12 ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ 5,138-ലധികം കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയങ്ങളില്‍ ചേര്‍ന്നിട്ടുണ്ട്, പ്രത്യേകിച്ച് ദുര്‍ബലരായ ഗോത്ര വിഭാഗങ്ങളിലെ പഠിതാക്കള്‍ക്കായി 490-ലധികം ഹോസ്റ്റലുകളും ധര്‍ത്തി ആബ ജന്‍ജാതീയ ഗ്രാം ഉത്കര്‍ഷ് അഭിയാന്‍ പ്രകാരം 692 ഹോസ്റ്റലുകളും അനുവദിച്ചിട്ടുണ്ട്.
പ്രവേശനം വര്‍ദ്ധിപ്പിക്കുന്നതിനും കൊഴിഞ്ഞുപോക്ക് കുറയ്‌ക്കുന്നതിനുമുള്ള ഈ ശ്രമങ്ങള്‍ എന്‍ഇപി 2020 ന്റെ മറ്റൊരു നേട്ടമാണ്. അടിസ്ഥാന സൗകര്യങ്ങള്‍, വൈകല്യ പരിശോധനയ്‌ക്കുള്ള പ്രശസ്ത് പോലുള്ള പരിപാടികള്‍, പുതിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയിലൂടെ, സ്‌കൂള്‍ വിദ്യാഭ്യാസ സംവിധാനം കൂടുതല്‍ സ്ഥിരതയുള്ളതും ഉള്‍ക്കൊള്ളുന്നതുമായി മാറുന്നു.
14,500 പിഎം ശ്രീ സ്‌കൂളുകള്‍ സ്ഥാപിച്ചതാണ് ഈ പരിവര്‍ത്തനത്തിന്റെ പ്രധാന ചാലകശക്തി. ഈ ആധുനികവും ഉള്‍ക്കൊള്ളുന്നതും ഹരിതവുമായ സ്ഥാപനങ്ങള്‍ എന്‍ഇപി ദര്‍ശനവുമായി പൊരുത്തപ്പെടുന്ന മാതൃകാ സ്‌കൂളുകളായി വികസിപ്പിച്ചെടുക്കുന്നു, അടിസ്ഥാന സൗകര്യങ്ങളും അധ്യാപനവും പുനര്‍നിര്‍വചിക്കുന്നു, അതോടൊപ്പം അവരുടെ പ്രദേശങ്ങളിലെ നവീകരണവും മികച്ച രീതികളും ഉത്തേജിപ്പിക്കുന്നു.
സമൂഹ ഇടപെടല്‍ വളര്‍ത്തുന്നതിനായി, വിദ്യാഞ്ജലി പ്ലാറ്റ്ഫോം 8.2 ലക്ഷത്തിലധികം സ്‌കൂളുകളെയും 5.3 ലക്ഷത്തിലധികം വോളണ്ടിയര്‍മാരെയും 2000 സിഎസ്ആര്‍ പങ്കാളികളെയും ബന്ധിപ്പിച്ചിട്ടുണ്ട്, ഇത് 1.7 കോടി വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യും.
ഉന്നത വിദ്യാഭ്യാസത്തിലെ പരിവര്‍ത്തനവും ചെറുതല്ല. മൊത്തം പ്രവേശനം 3.42 കോടിയില്‍ നിന്ന് 4.46 കോടിയായി ഉയര്‍ന്നു, 30.5% വര്‍ദ്ധനവ്. ഇപ്പോള്‍ എല്ലാ വിദ്യാര്‍ത്ഥികളിലും ഏകദേശം 48% സ്ത്രീകളാണ്, കൂടാതെ പിഎച്ച്ഡി പ്രവേശനം നേടുന്ന സ്ത്രീകളുടെ എണ്ണം 0.48 ലക്ഷത്തില്‍ നിന്ന് 1.12 ലക്ഷമായി ഇരട്ടിയിലധികമായി.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉള്‍പ്പെടുത്തല്‍ പ്രക്രിയയില്‍, പ്രത്യേകിച്ച് പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക്, ഈ വര്‍ദ്ധനവ് ഒരു ചരിത്ര നേട്ടമാണ്. തുടര്‍ച്ചയായി ആറ് വര്‍ഷമായി മൊത്ത പ്രവേശന അനുപാതത്തില്‍ സ്ത്രീകളുടെ അനുപാതം പുരുഷ അനുപാതത്തെ മറികടന്നു, ഇത് എന്‍ഇപിയുടെ തുല്യതാ ദര്‍ശനത്തിന് തെളിവാണ്.
ഇതിനു സമാന്തരമായി, ഉന്നത വിദ്യാഭ്യാസത്തിന്റെ ഘടനാപരമായ നിര്‍മിതി പുനര്‍നിര്‍മ്മിക്കപ്പെട്ടു. മള്‍ട്ടിപ്പിള്‍ എന്‍ട്രി ആന്‍ഡ് എക്‌സിറ്റ് അവതരണം, 21.12 കോടിയിലധികം എപിഎഎആര്‍ ഐഡികള്‍ നല്‍കിയ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ്, നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് എന്നിവ അഭൂതപൂര്‍വമായ വഴക്കവും ചലനാത്മകതയും നല്‍കി. 153 സര്‍വകലാശാലകള്‍ ഒന്നിലധികം പ്രവേശനവും 74 എണ്ണം ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നതിനാല്‍, പഠനം ഇനി രേഖീയമല്ല, അത് മോഡുലാറും, വിദ്യാര്‍ത്ഥികളെ അടിസ്ഥാനമാക്കിയുള്ളതും ഭാവിക്ക് സജ്ജമായതുമാണ്.
ഗവേഷണത്തിനും നൂതനാശയത്തിനും എന്‍ഇപി നല്‍കുന്ന ഊന്നല്‍ ഇതിനകം തന്നെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ആഗോള നൂതനാശയ സൂചിക റാങ്ക് 81-ല്‍ നിന്ന് 39-ാം സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത് മുതല്‍ 400 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 18,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകളെ ഇന്‍കുബേറ്റ് ചെയ്യുന്നതുവരെ, നമ്മുടെ ക്യാമ്പസുകള്‍ അതിവേഗം നൂതനാശയ ഹബ്ബുകളായി മാറിക്കൊണ്ടിരിക്കുന്നു. അനുസന്ധന്‍ എന്‍ആര്‍എഫ്, നവീകരിച്ച പിഎംആര്‍എഫ് 2.0, 6,000 കോടി രൂപയുടെ ഒരു രാഷ്‌ട്രം ഒരു സബ്സ്‌ക്രിപ്ഷന്‍ സംരംഭം എന്നിവ ഗവേഷണത്തിലേക്കുള്ള പ്രവേശനം
ജനാധിപത്യവത്കരിക്കുന്നതിനും വികേന്ദ്രീകരിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ കൂടുതല്‍ പ്രകടമാക്കുന്നു.
സാങ്കേതികവിദ്യ ഒരു പ്രേരകശക്തിയായി തുടരുന്നു.
SWAYAM, SWAYAM Plus പോലുള്ള പ്ലാറ്റ്ഫോമുകള്‍ മൊത്തത്തില്‍ 5.3 കോടിയിലധികം എന്റോള്‍മെന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, കൂടാതെ 200-ലധികം ഡിടിഎച്ച് ചാനലുകളുള്ള DIKSHA, PM EVidya തുടങ്ങിയ സംരംഭങ്ങളുടെ പിന്തുണയോടെ, രാജ്യമെമ്പാടുമുള്ള പഠിതാക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കം ലഭ്യമാക്കുന്നു.
ദ്വിവത്സര പ്രവേശനങ്ങള്‍, ഇരട്ട ബിരുദ നിയന്ത്രണങ്ങള്‍ എന്നിവയുള്‍പ്പെടെ ഭാരതത്തിന്റെ ഡിജിറ്റല്‍ പഠന ആവാസവ്യവസ്ഥയുടെ വിജയം ഉന്നത വിദ്യാഭ്യാസത്തെ കൂടുതല്‍ സമഗ്രവും, വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, വ്യവസായ പ്രസക്തവുമാക്കി മാറ്റി.
ഭാരതത്തിന്റെ ഉയര്‍ന്നുവരുന്ന അക്കാദമിക് നില ഇപ്പോള്‍ ആഗോളതലത്തില്‍ പ്രതിഫലിക്കുന്നു. 2026 ലെ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍, 54 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ പട്ടികയില്‍ ഇടം നേടി, 2014 ല്‍ ഇത് വെറും 11 ആയിരുന്നു. അതേസമയം, ഡീക്കിന്‍, വോളോങ്കോങ്, സതാംപ്ടണ്‍ തുടങ്ങിയ ആഗോള സര്‍വകലാശാലകള്‍ ഭാരതത്തില്‍ ക്യാമ്പസുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അഖില ഭാരതീയ ശിക്ഷാ സമാഗത്തിലൂടെയാണ് ഈ പരിവര്‍ത്തന യാത്ര ആഘോഷിക്കുന്നത്, എന്നാല്‍ അതിലും പ്രധാനമായി, ദശലക്ഷക്കണക്കിന് പഠിതാക്കളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിശബ്ദ ആത്മവിശ്വാസത്തിലാണ് ഇത് അളക്കപ്പെടുന്നത്. എന്‍ഇപി 2020 ഒരിക്കലും ഒരു പ്രഖ്യാപനമായിരുന്നില്ല. ഇത് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു നവോത്ഥാനമാണ്, ശബ്ദത്താലല്ല, ആഴത്താലാണ്, വേഗതയാലല്ല, അളവിലാണ് ഇത് അടയാളപ്പെടുത്തുന്നത്.














