ന്യൂദല്‍ഹി: കരസേനയുടെ ഉപമേധാവിയായി ലെഫ്. ജനറല്‍ പുഷ്‌പേന്ദ്ര സിങ് ഇന്ന് അധികാരമേല്‍ക്കും.
ലെഫ്റ്റനന്റ് ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്‌മണിയുടെ പിന്‍ഗാമിയായാണ് സൈന്യത്തിന്റെ പാരച്യൂട്ട് റെജിമെന്റിലെ ഉദ്യോഗസ്ഥനായ ജനറല്‍ പുഷ്‌പേന്ദ്ര സിങ് നിയമിതനാകുന്നത്. സൈന്യത്തില്‍ കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം നിരവധി സൈനിക ഓപ്പറേഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.
1987ല്‍ പാരാ സ്‌പെഷല്‍ ഫോഴ്‌സിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മേഘദൂത്, രക്ഷക്, ഓര്‍ക്കിഡ് എന്നിവയുള്‍പ്പെടെ നിരവധി ഓപ്പറേഷനുകളില്‍ സുപ്രധാന പങ്ക് വഹിച്ചു. സേവനത്തിന് അതിവിശിഷ്ട സേവാ മെഡലും സേനാമെഡലും ലഭിച്ചിട്ടുള്ള പുഷ്‌പേന്ദ്ര സിങ് ലെബനനിലും ശ്രീലങ്കയിലും ഐക്യരാഷ്‌ട്രസഭയുടെ സമാധാന പരിപാലന ദൗത്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.











