തിരുവനന്തപുരം: മൂന്നര ലക്ഷത്തോളം എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്ക് അവരുടെ സേവനങ്ങള്‍ക്ക് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഉന്നത വിദ്യാഭ്യാസ, പൊതുവിദ്യാഭാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്‌കൂളുകളിലെയും കോളേജുകളിലെയും നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനം രാജ്യത്ത് ആദ്യമായി കേരളത്തില്‍ നിശ്ചിത ക്രെഡിറ്റ് ഉള്ള നൈപുണ്യ കോഴ്സ് ആയി മാറ്റുവാനുള്ള ധാരണ പത്രം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും കെ ഡിസ്‌കും സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീമും ഒപ്പ് വച്ചു.
വിജ്ഞാന കേരളം പദ്ധതിയില്‍ പങ്കെടുക്കുന്ന മൂന്നര ലക്ഷത്തോളം എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ക്ക് അവരുടെ സേവനത്തെ ഒരു സര്‍വീസ് എന്നതിനപ്പുറം ട്രെയിനിങ് പ്രോജക്ട് ആയി കണ്ട് അക്കാദമിക് ഫ്രെയിം വര്‍ക്കില്‍ ഊന്നി ക്രെഡിറ്റ് ബേസ്ഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുവാനാണ് ധാരണയായത്. ഇതിലൂടെ അവര്‍ക്ക് ലഭിക്കുന്ന ക്രെഡിറ്റുകള്‍ ഭാവിയില്‍ അവരുടെ ഉപരിപഠനത്തിന് ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും.













