കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയെ കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലുള്‍പ്പെടെ പൊലീസിന് വീഴ്ചയുണ്ടായി.കേസില്‍ നിര്‍ണായക തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചില്ല. സിസിടിവി മനപ്പൂര്‍വം ശേഖരിക്കാതിരുന്നതാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍, അന്നത്തെ നടക്കാവ് എസ് എച്ച് ഓ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ഉത്തരമേഖലാ ഐജി അന്വേഷണം പ്രഖ്യാപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചില്ല എന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഇതിനായി നീക്കം തുടങ്ങിയപ്പോഴേക്കും ദൃശ്യങ്ങള്‍ മാഞ്ഞു പോയിരുന്നു.
നടക്കാവ് മുന്‍ എസ് എച്ച് ഓ പി കെ ജിജീഷ്,എസ് ഐ ബിനു മോഹന്‍,സീനിയര്‍ സിപിഓ എം പി ശ്രീകാന്ത്,കെ കെ ബിജു എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.എസ് ഐക്കായിരുന്നു അന്വേഷണ ചുമതലയെങ്കിലും മേല്‍ നോട്ടചുമതല ഉണ്ടായിരുന്നതിനാലാണ് എസ് എച്ച് ഓക്കെതിരെയും അന്വേഷണം നടത്തുന്നത്. ക്രമസമാധാന ചുമതലയില്ലാത്ത അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. അറുപതു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം.
















