തിരുവനന്തപുരം: ഏപ്രില്‍, മെയ് മാസത്തിലെ മധ്യവേനലവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്ന കാര്യത്തില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങള്‍ മഴക്കാലമായതിനാല്‍ കൂടുതല്‍ അവധി നല്‍കുന്നതു മൂലം അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാമെന്നും ഇതു വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. മാറ്റം സംബന്ധിച്ച് വിവിധ സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈസ്‌കൂളില്‍ 9.45 മുതല്‍ 4.15 വരെയായി തന്നെ ക്ലാസ് സമയം തുടരും. മദ്രസ സമയത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എതിര്‍പ്പ് ഉയര്‍ത്തിയ സമസ്ത വഴങ്ങിയിട്ടുണ്ട്. പരാതി ഉന്നയിച്ചവരെയെല്ലാം വിളിച്ച് നടത്തിയ ചര്‍ച്ച ഫലം കാണുകയായിരുന്നു. സമയമാറ്റം ഹൈക്കോടതിയെ അറിയിച്ചതിനാല്‍ പിന്നോട്ട് പോകാനുള്ള പ്രയാസവും അവരെ അറിയിച്ചതോടെ അവര്‍ അംഗീകരിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
















