ഭോപ്പാല്‍: അനഭിമതനെന്ന് താന്‍ ആരോപിച്ച ജഡ്ജിക്ക് സ്ഥാനക്കയറ്റം നല്‍കിയതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് ജഡ്ജി അദിതി കുമാര്‍ ശര്‍മ്മ രാജിവച്ചു. ജാത്യാധിക്‌ഷേപവും അധികാര ദുര്‍വിനിയോഗവും മറ്റും ആരോപിച്ച മുതിര്‍ന്ന ജില്ലാ ജഡ്ജിയെ സ്ഥാനക്കയറ്റം നല്‍കി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.
‘നീതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടല്ല, മറിച്ച് നീതി സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത സ്ഥാപനത്തിനുള്ളില്‍ തന്നെ അതിന്റെ വഴി അടഞ്ഞതുകൊണ്ടാണ്’ രാജിവയ്‌ക്കുന്നതെന്ന് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച രാജിക്കത്തില്‍ അവര്‍ വ്യക്തമാക്കി. ‘ ജുഡീഷ്യറി എന്നെ പരാജയപ്പെടുത്തി എന്ന കയ്‌പേറിയ സത്യം ഞാന്‍ തിരിച്ചറിയുന്നു. അതിനേക്കാള്‍ അത് സ്വയം പരാജയപ്പെട്ടു. ഈ രാജിക്കത്ത് ഒരു പ്രതിഷേധ പ്രസ്താവനയാണ്. മധ്യപ്രദേശില്‍ ഒരുകാലത്ത് നീതിക്കുവേണ്ടി സ്വയം സമര്‍പ്പിച്ച ഒരു വനിതാ ജഡ്ജി ഉണ്ടായിരുന്നുവെന്നും അവര്‍ ഏറ്റവും ഉച്ചത്തില്‍ ഉദ്‌ഘോഷിച്ച വ്യവസ്ഥ തന്നെയാണ് അവളെ തകര്‍ത്തതെന്നും ഓര്‍മ്മിപ്പിക്കുന്നതിനായി ഇത് നിങ്ങളുടെ പുരാവസ്തു ശേഖരങ്ങളില്‍ ഈ കത്ത് നിലനില്‍ക്കട്ടെ’യെന്നും കത്തിലുണ്ട്.
ഉജ്ജൈനിലെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായ രാജേഷ് കുമാര്‍ ഗുപ്തയെ മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് ഉയര്‍ത്താന്‍ ജൂലൈ 2 ന് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തതിന് ആഴ്ചകള്‍ക്ക് ശേഷമാണ് അദിതി കുമാര്‍ ശര്‍മ്മയുടെ രാജി.
















