തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ 25കാരന്‍ മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ മൂന്ന് മീറ്ററോളം ഇലക്ട്രിക് വയര്‍ മൂത്രസഞ്ചിയില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി യൂറോളജി വിഭാഗത്തില്‍ രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പല കഷ്ണങ്ങളായി മുറിച്ച് ഇലക്ട്രിക് വയര്‍ പുറത്തെടുത്തത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
യഥാസമയം ശസ്ത്രക്രിയ നടത്തി യുവാവിന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. യൂറോളജി വിഭാഗം പ്രൊഫസര്‍ ഡോ പി ആര്‍ സാജു, അസി. പ്രൊഫസര്‍ ഡോ സുനില്‍ അശോക്, സീനിയര്‍ റസിഡന്റുമാരായ ഡോ ജിനേഷ്, ഡോ അബു അനില്‍ ജോണ്‍, ഡോ ഹരികൃഷ്ണന്‍, ഡോ ദേവിക, ഡോ ശില്പ, അനസ്‌തേഷ്യ വിഭാഗം അസി. പ്രൊഫസര്‍ ഡോ അനീഷ്, സീനിയര്‍ റസിഡന്റ് ഡോ ചിപ്പി എന്നിവര്‍ ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കി.
















