വയനാട് : ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ബുധനാഴ്ച ഒരാണ്ട്. മരിച്ചുപോയ വിദ്യാര്‍ത്ഥികളോടുള്ള ആദരസൂചകമായും കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.
2024 ജൂലായ് 30ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 52 വിദ്യാര്‍ത്ഥികളാണ് മരിച്ചത്.ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ആകെ 298 പേര്‍ മരിച്ചതായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ദുരന്തത്തില്‍പെട്ട 32 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ട് മാസം മുന്‍പ് സര്‍ക്കാര്‍ ഇനിയും കണ്ടെത്താനാകാത്ത ഈ 32 പേരെയും മരിച്ചതായി കണക്കാക്കി.
അതിനിടെ, മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം ഏതൊരു വിഷമസന്ധിയെയും ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകമാണെന്നും പുനരധിവാസം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളുമായി ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ പുറത്തിറക്കിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.















